'ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ല; കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്നു; വി ഡി സതീശനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രീയമായി വിമര്‍ശനം വിഡി സതീശനെതിരെ ഇനിയും തുടരുമെന്ന് റിയാസ്

Update: 2024-10-18 09:09 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ലെന്നും റിയാസ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കുമെന്നും റിയാസ് പരിഹസിച്ചു.

രാഷ്ട്രീയമായി വിമര്‍ശനം വിഡി സതീശനെതിരെ ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരില്‍ ബിജെപി വിജയിച്ചത് ഗൗരവമേറിയ കാര്യമാണ്. എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ഡിസിസി ഓഫീസില്‍ അടിയുണ്ടായില്ലേയെന്നും ഡിസിസി പ്രസിഡന്റിനെ മാറ്റിയില്ലേയെന്നും ചോദിച്ച അദ്ദേഹം കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിച്ചു.

കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തിന് മറുപടി പറയാതെ പിച്ചും പേയും പറഞ്ഞാല്‍ കൈയും കെട്ടി നില്‍ക്കില്ല. പാലക്കാട് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരായിരിക്കും. ഇനിയും അനില്‍ കുമാര്‍മാരും പ്രശാന്തുമാരും സരിന്മാരും കോണ്‍ഗ്രസിലുണ്ട്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അക്കാര്യത്തില്‍ പാര്‍ട്ടിയും സംസ്ഥാന സെക്രട്ടറിയും നിലപാടുകള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News