ദിവ്യയുടെ അറസ്റ്റിനായി പ്രതിഷേധം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനുത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.ഉദ്ഘാടന പ്രസംഗത്തിന് ശേഷം വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകനായ മനോജ് മയ്യിലിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.പ്രവര്‍ത്തകര്‍ക്ക്‌നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനന്‍ അധ്യക്ഷനായി. മാര്‍ച്ചിനെ തടയാന്‍ ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.ടൗണ്‍ സ്റ്റേഷനു മുന്നിലെ റോഡ് ബാരിക്കേഡ് ഉപയോഗിച്ച് പൂര്‍ണമായും തടഞ്ഞിരുന്നു.
ജില്ലാ പഞ്ചായത്തിലേക്കുള്ള ഗേറ്റും കയര്‍ കെട്ടിയിരുന്നു പ്രതിഷേധ മാര്‍ച്ചിന് നേതാക്കളായ റോബര്‍ട്ട് വെള്ളാംവള്ളി,വി രാഹുല്‍ , റിന്‍സ് മാനുവല്‍, ഫര്‍ഹാന്‍ മുണ്ടേരി, നിധീഷ് ചാലാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി