അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളിയില്‍ പരിശോധന; ബൈക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷം രൂപ പിടിച്ചെടുത്തു
500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തവ
മണ്ണാര്‍ക്കാട്: മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. ചെര്‍പ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്‍വെച്ചാണ് സംഭവം.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാര്‍ക്കാട് പോലീസും പരിശോധനയിലേര്‍പ്പെട്ടത്. ഇതിനിടെ കോയമ്പത്തൂര്‍ ഭാഗത്തുനിന്നും അട്ടപ്പാടിവഴി ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.
ബൈക്കിന്റെ പെട്രോള്‍ ടാങ്കിലും പിന്‍സീറ്റിലുമുള്ള രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തവ. ആകെ 49, 82,500 രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിടികൂടിയ നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. സി.സുന്ദരന്‍ പറഞ്ഞു. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കോടതിയുടെ ഉത്തരവുപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷ്, എസ്.ഐ. എം.അജാസുദ്ദീന്‍, എസ്.ഐ. അബ്ദുള്‍ നാസര്‍, എ.എസ്.ഐ.മാരായ ശ്യാംകുമാര്‍, പ്രശോഭ്, പോലീസുകാരായ സുനില്‍, കൃഷ്ണകുമാര്‍, ഡാന്‍സാഫ് ടീം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.