അടൂരില്‍ നിന്നും മൂന്നാറിലെത്തിയ 42 സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് അടിമാലി പഞ്ചായത്ത് ആരോഗ്യ വിഭാഗം

അടൂരില്‍ നിന്നും മൂന്നാറിലെത്തിയ 42 സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

Update: 2024-11-19 02:11 GMT

അടിമാലി: അടൂരില്‍നിന്നും മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ 42 സ്‌കൂള്‍കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതോടെ തിങ്കളാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് അടൂരിലേക്ക് പോയി.

അടൂര്‍ കടമ്പനാട് വിക്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച പുലര്‍ച്ചെ ചികിത്സ തേടിയത്. ഇവര്‍ ഊട്ടിയില്‍നിന്ന് മറയൂര്‍ വഴി ഞായറാഴ്ച വൈകീട്ടാണ് മൂന്നാറില്‍ എത്തിയത്. വരുംവഴി മറയൂരില്‍നിന്നും പിന്നീട് മൂന്നാറില്‍നിന്നും ഭക്ഷണം കഴിച്ചു. രാത്രിയില്‍ അടിമാലിയിലെ ഒരു ഹോട്ടലില്‍നിന്നാണ് മൂന്നാറില്‍ ഇവര്‍ താമസിക്കുന്നിടത്ത് ഭക്ഷണം എത്തിച്ചത്.

രാത്രി രണ്ടുമണിയോടെയാണ് കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കും ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ വന്ന ടൂറിസ്റ്റ് ബസില്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റത് എവിടെനിന്നാണെന്ന് മനസ്സിലായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതരും കുട്ടികളും പറയുന്നു. നാല് ബസുകളിലായി ഇരുന്നൂറോളം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ബസിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ അടിമാലി പഞ്ചായത്തിലെ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News