മുഴുവന്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവില്‍ വരും; പട്ടികവര്‍ഗ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി ഒ ആര് കേളു
തിരുവനന്തപുരം: പട്ടിക വര്‍ഗ സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളടക്കം മുഴുവന്‍ പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വികാസ് ഭവനില്‍ നടന്ന ചടങ്ങില്‍ പട്ടിക വര്‍ഗ ഓഫീസുകളില്‍ നടപ്പിലാക്കിയ ഇ ഓഫീസ് സംവിധാനം, പദ്ധതികളുടെ പ്രവര്‍ത്തന അവലോകന യോഗം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവില്‍ വരുന്നതോടെ നടപടികള്‍ കൂടുതല്‍ വേഗതയും സുതാര്യതയും ഉറപ്പാകും. ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുന്ന സംവിധാനം എന്ന നിലയില്‍ വകുപ്പിന് വളരെ പ്രാധാന്യമുണ്ട്. ഇഗ്രാന്റ്സ് തുക വിതരണം ചെയ്തതടക്കം സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നു എന്നത് അഭിമാനകമാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സേവനം ഉറപ്പുവരുത്താന്‍ കഴിയുന്ന ഓഫീസ് സംവിധാനങ്ങളും നടപടികളും ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഫോണ്‍ വിളികള്‍ക്ക് കൃത്യമായി മറുപടി നല്‍കുക, സെക്ഷനുകള്‍ സൂചിപ്പിക്കുന്ന കൃത്യമായ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക, ഫയലുകള്‍ സമയബന്ധിതമായി പരിശോധിക്കുക എന്നിവ ഇതില്‍ പ്രധാനമാണ്.
ചികില്‍സാ ധനം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുടങ്ങിയവയില്‍ കാലതാമസം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വകുപ്പിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകും. സര്‍വേ റിപ്പോര്‍ട്ടിലെ ഡേറ്റ പരിശോധിച്ച് അവലോകനം നടത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സര്‍വേ റിപ്പോര്‍ട്ട് ഡയറക്ടര്‍ ഡോ.രേണു രാജ് മന്ത്രിക്ക് കൈമാറി.
പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ജോയിന്റ് ഡയറക്ടര്‍ കെ എസ് ശ്രീരേഖ, ഡെപ്യൂട്ടി ഡയറകര്‍മാരായ ബിബിന്‍ ദാസ് വൈ, എസ് ഷുമിന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.