ഹഡില്‍ ഗ്ലോബല്‍ 2024: സാമൂഹ്യ-വിദ്യാഭ്യാസ-കാര്‍ഷിക രംഗങ്ങളിലെ പുരോഗതിക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ പിന്‍ബലമേകി സ്റ്റാര്‍ട്ടപ്പുകള്‍
തിരുവനന്തപുരം: മാലിന്യസംസ്‌കരണം, ദുരന്തനിവാരണം, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരോഗതി ആര്‍ജിക്കാനുതകുന്ന ഉല്‍പ്പന്നങ്ങള്‍ അണിനിരത്തി രാജ്യാന്തര സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ എക്‌സ്‌പോ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുവസംരംഭകരാണ് സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പ്രതിവിധികള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സംസ്ഥാനത്ത് പ്രതിവിധിയെന്നോണമാണ് തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെക്റ്റാസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ വേഗം കണ്ടെത്താനും മരുന്നും ഭക്ഷണവും എത്തിക്കാനും ഡ്രോണുകള്‍ക്കു കഴിയും. ബാറ്ററിയില്‍ പ്രവത്തിപ്പിക്കാവുന്നതും അഞ്ചു കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമായ ഡ്രോണും പെട്രോളിലും ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന പത്തു കിലോ ഭാരം വരെ വഹിക്കാവുന്ന ഡ്രോണുമാണ് വികസിപ്പിച്ചിട്ടുള്ളത്. 2022ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കൃഷി, പ്രതിരോധ മേഖലകളില്‍ ഉപയോഗിക്കാനാകുന്ന ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്ന് കമ്പനി സി.ഇ.ഒ നിഹാല്‍ അഹമ്മദ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും ശാസ്ത്രീയ മാലിന്യസംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുകയാണ് തിരുവനന്തപുരം കുറവന്‍കോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭൗമാ എന്‍വൈറോടെക് പ്രൈവറ്റ് ലിമിറ്റഡ്. സ്റ്റാര്‍ട്ടപ്പ് നിര്‍മ്മിക്കുന്ന മൊബൈല്‍ സെപ്റ്റിക് ടാങ്ക് ട്രീറ്റ്മെന്റ് യൂണിറ്റിന് ആറായിരം ലിറ്റര്‍ സെപ്റ്റിക് വേസ്റ്റ് വരെ ഒരു മണിക്കൂറില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഐ.ടി. മാനേജര്‍ വിവേക് പറഞ്ഞു. ചാലക്കുടി, ചങ്ങനാശ്ശേരി, കൊടുങ്ങല്ലൂര്‍, മഞ്ചേരി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ മൊബൈല്‍ സെപ്റ്റിക് ടാങ്ക് ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ സര്‍ക്കാരേതര സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ യൂണിറ്റുകള്‍ എത്തിക്കാന്‍ പദ്ധതിയുണ്ട്.
രാജ്യത്തെ റോബോട്ടിക്‌സ് പഠന മേഖലയില്‍ മുന്നേറ്റം സ്വപ്നം കാണുകയാണ് തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിബോട്ടിക്‌സ് ഇന്നൊവേഷന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകരായ വൈഭവ് കെ., മിലാദ് മുഹമ്മദ്, വിഷ്ണു പി. കുമാര്‍ എന്നിവര്‍. റോബോട്ടിക്‌സില്‍ താല്പര്യമുള്ള സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് സ്വയംപഠനത്തിന് സഹായകമായ ആധുനിക സംവിധാനങ്ങളാണ് യൂണിബോട്ടിക്‌സ് മുന്നോട്ട് വയ്ക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി യൂബോ എന്ന പേരില്‍ റോബോട്ടിക്‌സ് പഠനത്തിനുതകുന്ന പ്ലാറ്റ്‌ഫോമാണ് യൂണിബോട്ടിക്‌സ് ആദ്യമായി വികസിപ്പിച്ചത്. സ്വയംപഠനത്തിന് സഹായിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവം സമ്മാനിക്കുകയും റോബോട്ടിക്‌സിലെ താല്പര്യവും കഴിവും വികസിപ്പിക്കാനും സഹായകമാണ്. കോളേജ് വിദ്യാര്‍ഥികള്‍ക്കായി യൂബോ പ്ലസ് പ്ലാറ്റ്‌ഫോമും രൂപപ്പെടുത്തിയിട്ടുണ്ട്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള യൂബോ മിനി പ്ലാറ്റ്‌ഫോം ഇപ്പോള്‍ പണിപ്പുരയിലാണ്.
കൃഷി ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ വികസിപ്പിക്കുന്ന കൊച്ചി കളമശ്ശേരി ആസ്ഥാനമായുള്ള ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡ്രോണുകളും എക്‌സ്‌പോയില്‍ ഡെലിഗേറ്റുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരേക്കര്‍ ഭൂമിയില്‍ ഏഴ് മിനുട്ടിനുള്ളില്‍ കീടനാശിനികളും വളവും തളിക്കാനാകും. ഒരിക്കല്‍ ചാര്‍ജു ചെയ്താല്‍ ഇരുപത്തിയഞ്ചു മിനിറ്റോളം ഡ്രോണ്‍ ഉപയോഗിക്കാനാകും. സിവില്‍ ഏവിയേഷന്റെ സര്‍ട്ടിഫിക്കേഷനും ഫ്യൂസിലേജിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കെ എസ് യു എമ്മിലൂടെ ലഭ്യമാക്കിയ ഗ്രാന്റുകളിലൂടെ പതിനഞ്ചുലക്ഷത്തോളം രൂപയുടെ സഹായം ഫ്യൂസിലേജിന് കിട്ടിയിട്ടുണ്ട്.