തൊഴിലാളികളുടെ ആവശ്യങ്ങള്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുമെന്നതിന് ഉറപ്പ്; എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലൂടെ ഡോളി തൊഴിലാളി സമരം പിന്‍വലിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-12-04 04:54 GMT
ശബരിമല: ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെ ഡോളി തൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ രേഖാമൂലം നല്‍കുന്നതിന് എ.ഡി.എം. നിര്‍ദ്ദേശം നല്കി.
പൊലീസ്, എ.ഡി.എം. എന്നിവരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് എ.ഡി.എം. തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ദേവസ്വംബോര്‍ഡ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികള്‍ മിന്നല്‍ സമരം നടത്തിയത്.