കാളികാവില്‍ നിന്നും കാണാതായ പതിനാലുകാരി വിവാഹിത; കുട്ടിയെ ഹൈദരാബാദില്‍ നിന്നും നാട്ടിലെത്തിച്ചു: പിതാവിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്ത് പോലിസ്

കാളികാവില്‍ നിന്നും കാണാതായ പതിനാലുകാരി വിവാഹിത

Update: 2024-12-10 02:08 GMT

കാളികാവ്: കാളികാവില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ പോലിസ് ഹൈദരാബാദില്‍ നിന്നും കണ്ടെത്തി. പതിനാലുകാരി വിവാഹിതയാണെന്ന് തെളിഞ്ഞതോടെ പെണ്‍കുട്ടിയുടെ പിതാവിനെയും ഭര്‍ത്താവിനെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അസം സ്വദേശികളാണ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരേ കേസ് ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ് ചുമത്തി.

പെണ്‍കുട്ടിയെ ആക്രമിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന പരാതിയിലും ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് വിവാഹം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളില്‍നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് വാടകവീട്ടില്‍നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ഭര്‍ത്താവ് എന്ന് പറയുന്ന ആള്‍ക്ക് വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് പെണ്‍കുട്ടിയെ പിതാവ് ബലംപ്രയോഗിച്ച് ഏല്പിച്ചു കൊടുത്തുവെന്നാണ് പോലീസ് പറഞ്ഞത്. പിതാവിനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.

ഹൈദരാബാദില്‍നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്താനായിട്ടില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു. കാളികാവ് എസ്.ഐ. ശശിധരന്‍ വിളയിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പിതാവിനെയും ഭര്‍ത്താവിനെയും റിമാന്‍ഡ് ചെയ്തു.

Tags:    

Similar News