ശബരിമല വലിയ നടപ്പന്തലില്‍ തിരക്ക് നിയന്ത്രണം പാളി; അത്യാസന്ന നിലയിലുള്ള രോഗിയുമായി പമ്പയിലേക്ക് പോയ ആംബുലന്‍സ് തിരക്കല്‍ കുടുങ്ങി

Update: 2024-12-18 05:13 GMT

ശബരിമല: വലിയ നടപ്പന്തല്‍ ഭാഗത്തെ തിരക്ക് നിയന്ത്രണം പാളിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലുള്ള രോഗിയുമായി പമ്പയിലേക്ക് പോയ ആംബുലന്‍സ് കുടുങ്ങി. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുമ്പില്‍ നിന്നും ജ്യോതി നഗറിലേക്കുള്ള വഴിയടച്ച് പോലീസ് തീര്‍ത്ഥാടകരെ ക്യൂ നിര്‍ത്തിയതാണ് 10 മിനിറ്റോളം ആംബുലന്‍സ് കുടുങ്ങാന്‍ ഇടയാക്കിയത്.

അത്യാസന്ന നിലയിലുള്ള രോഗികളുമായി പമ്പയിലേക്ക് ആംബുലന്‍സിന് കടന്നു പോകേണ്ട എമര്‍ജന്‍സി വഴിയാണ് തീര്‍ത്ഥാടകരെ വടംകെട്ടി തടഞ്ഞതുമൂലം തടസ്സപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ന്യൂമോണിയ ബാധിതനായി ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായി സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പമ്പയിലേക്ക് പോയ ആംബുലന്‍സ് ആണ് കുടുങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് വടം അഴിച്ചു മാറ്റി തിരക്ക് ഒഴിവാക്കി ആംബുലന്‍സ് കടത്തി വിടുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരുടെ പരിചയക്കുറവാണ് ആംബുലന്‍സിന്റെ വഴി തടസ്സപ്പെടാന്‍ ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Similar News