അതിഥി തൊഴിലാളികളെ താമസ സ്ഥലത്ത് കയറി മര്‍ദിച്ചു; അന്വേഷണത്തിനിടെ ഓട്ടോറിക്ഷ സഹിതം മൂന്നു പേര്‍ പിടിയില്‍; ഓട്ടോയില്‍ നിന്നും കണ്ടെത്തിയത് ഒന്നേമുക്കാല്‍ കിലോ കഞ്ചാവ്

അതിഥി തൊഴിലാളികളെ താമസ സ്ഥലത്ത് കയറി മര്‍ദിച്ചു

Update: 2025-01-05 14:38 GMT

പത്തനംതിട്ട: അതിഥി തൊഴിലാളികളെ മര്‍ദിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് കണ്ടെത്തി. വെട്ടിപ്പുറം സുബല പാര്‍ക്കിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത കടമ്മനിട്ട കുടിലുകുഴി സ്വാദിഷ് മോഹന്‍ (36), കുലശേഖരപതി സ്വദേശി ഹാഷിം( 35), ഓമല്ലൂര്‍ വേട്ടക്കുളത്ത് മനോജ്( 58)എന്നിവരാണ് അറസ്റ്റിലായത്.

കാതോലിക്കേറ്റ് കോളജിനു സമീപം തെങ്ങും തോട്ടത്തില്‍ ശോശാമ്മ ഗീവര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള വീട് ബന്ധുവായ സൈമണ്‍ അലക്സ് ആസാം സ്വദേശി ഷാഹില്‍ എന്നയാള്‍ക്ക് ഇയാളുടെ ജോലിക്കാരെ താമസിപ്പിക്കുന്നതിന് വാടകയ്ക്ക് നല്‍കിയിരുന്നു. ഷാഹിലിന്റെ ജോലിക്കാരായ അബ്ദുല്‍ അലി(29 ), ഹസ്ബീനാ(24 ) എന്നിവരുള്‍പ്പെടെ നാലോളം ബംഗാളി കുടുംബങ്ങള്‍ ഇവിടെ താമസമുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെ സ്വാദിഷ് മോഹനും കൂട്ടാളികളും ഇവിടെയെത്തി ഇവരുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന്, അബ്ദുല്‍ അലിയെയും ഹസ്ബീനെയും കമ്പിവടികൊണ്ട് കൊണ്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതിനു ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് ആറരയോടെ സുബല പാര്‍ക്കിന് സമീപം വെച്ച് ഇവരെ ഓട്ടോറിക്ഷയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ഓട്ടോയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. അതിഥി തൊഴിലാളികളെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News