ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം തട്ടി; പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന് പ്രതി: എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്

ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

Update: 2025-01-07 01:46 GMT

തൃശൂര്‍: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വിദേശത്തേക്ക് കടന്ന പ്രതി എയര്‍ പോര്‍ട്ടില്‍ കാലു കുത്തിയതോടെ കാത്തു നിന്ന പോലിസ് അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സദേശി റഫ്നാസ് (25) നെയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലും ഭാര്യയുമാണ് യുവാവിന്റെ തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ദമ്പതികളില്‍ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതിയുടെ വാക്ക് വിശ്വസിച്ച രാഹുലും, രാഹുലിന്റെ ഭാര്യയും ഏഴ് ലക്ഷത്തോളം രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു.

പണം കൊടുത്തിട്ടും ജോലിയോ ലാഭമോ ലഭിക്കാതായതോടെ രാഹുല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം പിന്‍വലിച്ച പ്രതി സ്വര്‍ണവും മറ്റും വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞു. വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Tags:    

Similar News