യു.കെ.യില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് 14.5 ലക്ഷം രൂപ തട്ടി; പത്തനാപുരത്തെ 'ജോജോ അസോസിയേറ്റ്‌സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് ഏജന്‍സി'ക്കെതിരെ പരാതിയുമായി യുവതി
യു.കെ.യിൽ ജോലി വാഗ്ദാനം ചെയ്ത് 14.5 ലക്ഷം തട്ടിയതായി പരാതി
കൊല്ലം: യു.കെ.യില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത്് 14.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പത്തനാപുരത്തെ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമകള്‍ക്കെതിരെ തിരുവനന്തപുരം അമ്പലംമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന കവിതാലക്ഷ്മിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. പത്തനാപുരം മഞ്ചള്ളൂരിലുള്ള 'ജോജോ അസോസിയേറ്റ്‌സ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് ഏജന്‍സി' കബളിപ്പിച്ചതായാണ് യുവതി തിരുവനന്തപുരം പേരൂര്‍ക്കട പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കവിതാ ലക്ഷ്മിയുടെ പരാതിയില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമകളായ ജോണ്‍ ഇടിക്കുള, ഭാര്യാസഹോദരന്‍ നിഖില്‍ ജോണ്‍ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തു. പണം നല്‍കിയ യുവതി യുകെയില്‍ എത്തിയെങ്കിലും താരതമ്യേന കുറഞ്ഞ സേവന വേതന വ്യവസ്ഥയുള്ള ഡൊമിസിലിയറി സപ്പോര്‍ട്ട് കെയര്‍ സ്‌പോണ്‍സര്‍ഷിപ്പാണ് ലഭിച്ചത്. കെയര്‍ഹോം ജോലിക്കുള്ള സി.ഒ.എസ്. (സ്‌പോണ്‍സര്‍ഷിപ്പ് ഉറപ്പാക്കല്‍ രേഖ) ആണ് വാഗ്ദാനം ചെയ്തത്. മണിക്കൂറില്‍ 12 പൗണ്ട് വീതം മാസം രണ്ടരലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ ആഴ്ചയില്‍ 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനാകുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ താന്‍ കബളിപ്പിക്കപ്പെട്ടതായി കവിതാലക്ഷ്മി പറഞ്ഞു.
യു.കെ.യില്‍ സ്‌കോട്ട്ലന്‍ഡിനടുത്തുള്ള 'കാര്‍ലെ' എന്ന സ്ഥലത്തെ വനമേഖലയിലായിരുന്നു ജോലി. അവിടെ എത്തിയപ്പോള്‍ ജോലി ഇല്ലായിരുന്നു. കെയറര്‍ എന്ന വിഭാഗത്തിലെ വിസ ആയതിനാല്‍ മറ്റു ജോലിയും ലഭിച്ചില്ല. ജോലി വേണമെങ്കില്‍ കാര്‍ വാങ്ങണമെന്നു പറഞ്ഞു. ഇതിനായി നാട്ടില്‍നിന്നു വായ്പയെടുക്കേണ്ടിവന്നു.
ജോലി നല്‍കിവന്ന സ്‌പോണ്‍സറുടെ ലൈസന്‍സ് അധികം താമസിയാതെ റദ്ദാക്കിയതിനാല്‍ വിസയും ഇല്ലാതായി. നാട്ടിലേക്ക് സമ്പാദ്യമൊന്നുമില്ലാതെ തിരിച്ചു പോരേണ്ടി വരികയും കടക്കെണിയിലാവുകയും ചെയ്തതായി കവിതാലക്ഷ്മി പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്തനാപുരത്തെ ഏജന്‍സി പൂട്ടി ഉടമകള്‍ ഒളിവിലാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.