ആരും മൗനം പാലിച്ചിട്ടില്ല; കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്; കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ; എവിടെ ചര്‍ച്ച ചെയ്താലും ഇതാണ് നിലപാട്; ബ്രൂവറിയില്‍ നിലപാട് പറഞ്ഞ് സിപിഐ
കൊല്ലം: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സിപിഐ വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ട് ആകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. ഈ വിഷയത്തില്‍ ആരും മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. എവിടെ ചര്‍ച്ച ചെയ്താലും ഇതാണ് നിലപാടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് മന്ത്രി വിശദീകരിച്ചിരുന്നു. പദ്ധതി കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകില്ലെന്നും രാജേഷ് ബിനോയ് വിശ്വത്തെ അറിയിച്ചു. പിന്നാലെയാണ് ബിനോയ് വിശ്വം സിപിഐയുടെ നിലപാട് വ്യക്തമാക്കിയത്. ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.