ചെങ്ങന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍
ചെങ്ങന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍: പണം ആദായ നികുതി വകുപ്പിന് കൈമാറി
പത്തനംതിട്ട: ചെങ്ങന്നൂര്‍ റെയില്‍ വേ സ്‌റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട. ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എക്‌സൈസും ചെങ്ങന്നൂര്‍ ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കണ്ടെടുത്ത പണവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. പണം എങ്ങോട്ടേക്ക് കൊണ്ടു പോയതെന്ന് വ്യക്തമല്ല.
മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ ആദായനികുതി വകുപ്പിന് കൈമാറി. ഇയാളില്‍നിന്ന് പിടിച്ചെടുത്ത 32 ലക്ഷം രൂപ കോടതിയില്‍ ഹാജരാക്കിയശേഷം ട്രഷറിയിലടച്ചു. പണം എസ്.ബി.ഐ.യില്‍ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സഹിതം കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ ആദായനികുതി വകുപ്പിന് കൈമാറിയത്.
തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.രാജേന്ദ്രന്‍, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ മാത്യു ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനുപ്രസാദ്, ഷാദിലി ബഷീര്‍, ദിലീപ് സെബാസ്റ്റ്യന്‍, റിയാസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുബ്ബലക്ഷ്മി, ചെങ്ങന്നൂര്‍ ആര്‍പിഎഫിലെ എഎസ്‌ഐ റോബി ചെറിയാന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.