നിലമ്പൂര്‍ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി; മാലിന്യ സംസ്‌കരണത്തില്‍ ജനങ്ങളുടെ മനോഭാവം മാറ്റാനായത് വലിയ നേട്ടമെന്ന് മന്ത്രി വി അബ്ദു റഹിമാന്‍

Update: 2025-01-27 11:24 GMT

മലപ്പുറം: മാലിന്യ സംസ്‌കരണ രംഗത്ത് പൊതുജനത്തിന്റെ മനോഭാവം മാറ്റാന്‍ കഴിഞ്ഞുവെന്നത് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഊര്‍ജിത നടപടികളുടെ നേട്ടമാണെന്ന് കായിക - ന്യൂനപക്ഷ ക്ഷേമ- വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. നിലമ്പൂര്‍ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. അടുത്ത കാലം വരെ നമ്മുടെ പൊതുനിരത്തുകളും ജലാശയങ്ങളും മാല്യന്യം കുമിഞ്ഞ് കൂടിയ നിലയിലായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തിയ ആസൂത്രിതമായ നടപടികളിലൂടെ നാടിനെ മാലിന്യ മുക്തമാക്കാന്‍ കഴിഞ്ഞു. അതിന്റെ സമ്പൂര്‍ണ പ്രഖ്യാപനം ഉടന്‍ നടക്കാന്‍ പോകുകയാണ്. വിദേശ മാതൃകയില്‍ കേരളത്തെ വൃത്തിയുള്ള, വലിച്ചെറിയന്‍ മുക്ത സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

മാലിന്യങ്ങള്‍ തള്ളുന്നവരോട് ജനങ്ങള്‍ പ്രതികരിക്കാനും അവരെ സംസ്‌കാര ശൂന്യരും സാമൂഹ്യ വിരുദ്ധരുമായി കാണാനും തയ്യാറാവുന്നു എന്നത് പൊതു സമൂഹത്തിന്റെ മനോഭാവത്തില്‍ വന്ന വലിയ മാറ്റമാണ്.

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പിടി വീഴുന്ന തരത്തിലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും സര്‍ക്കാര്‍ സ്വീകരിച്ച ഉറച്ച നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News