കേന്ദ്രത്തിന് മുന്‍പില്‍ പിച്ചച്ചട്ടി നീട്ടി നില്‍ക്കാന്‍ സൗകര്യമില്ല; കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്; കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ മാപ്പ് പറയണം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുന്‍പില്‍ പിച്ചച്ചട്ടി നീട്ടി നില്‍ക്കാന്‍ സൗകര്യമില്ല. കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേരളത്തിലെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കിയതാണെന്ന് ഓര്‍ക്കണം. കേരളത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും മന്ത്രി പറഞ്ഞു.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാല്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞത്. കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ബജറ്റില്‍ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാല്‍ കൂടുതല്‍ സഹായങ്ങള്‍ കിട്ടും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന് സമ്മതിക്കണം. അപ്പോള്‍ കമീഷന്‍ അത് പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.