കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു; മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് സുഹൃത്തുക്കള്‍ കടന്നു

കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു; മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് സുഹൃത്തുക്കള്‍ കടന്നു

Update: 2025-02-06 02:37 GMT

മുംബൈ: കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ കൂട്ടുകാരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഭയന്നു പോയ സുഹൃത്തുക്കള്‍ മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കടന്നു കളഞ്ഞു. പാല്‍ഘറിലെ വനമേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടില്‍നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 28ന് രാത്രിയാണ് സംഭവം. പാല്‍ഘര്‍ മാനറിലെ ബോര്‍ഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണര്‍ കാട്ടുപന്നി വേട്ടയ്ക്കായി പോയി. യാത്രയ്ക്കിടെ അംഗങ്ങളില്‍ ചിലര്‍ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു. പിന്നീട്, ദൂരെ അനക്കം കണ്ടപ്പോള്‍ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവര്‍ വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

പരിഭ്രാന്തരായ സംഘാംഗങ്ങള്‍ വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതും. അതേസമയം, വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചെന്നും ഗ്രാമീണര്‍ ചേര്‍ന്ന് മൃതദേഹം ദഹിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News