മുരളീധരനെ പൊലീസ് തല്ലിയതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രചരിച്ചു; ആ ദൃശ്യങ്ങള്‍ കണ്ട കുടുംബം പരാതി നല്‍കി; കൂട്ടാറിലെ പുതുവല്‍സര തലേന്നുള്ള ഷോയില്‍ നടപടി വരും; സിഐ ഷമീര്‍ഖാനെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് തേടി എസ് പി
ഇടുക്കി: കൂട്ടാറിലെ പോലീസ് മര്‍ദനത്തില്‍ ഇടുക്കി എസ്പി ടി.കെ.വിഷ്ണു പ്രദീപ് റിപ്പോര്‍ട്ട് തേടി. എഎസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂട്ടാറില്‍ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂട്ടര്‍ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് സിഐ ഷമീര്‍ഖാന്റെ മര്‍ദനമേറ്റത്. ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു മര്‍ദനം. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ പല്ല് ഒടിഞ്ഞു. ആശുപത്രി ചിലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളീധരന്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
2024 ഡിസംബര്‍ 31ന് രാത്രി പതിനൊന്ന് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വഴിയില്‍ നില്‍ക്കുന്നതിനിടെയാണ് സിഐ ഷമീര്‍ ഖാന്‍ പൊലീസ് സംഘവുമായി എത്തി അതിക്രമം നടത്തിയത്. സ്ഥലത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്നാണ് മുരളീധരന്റെ പരാതി. സിഐയുടെ അടിയേറ്റ് മുരളീധരന്‍ താഴെ വീണു. അദ്ദേഹത്തിന്റെ പല്ലു പൊട്ടി. മുരളീധരന്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
മുരളീധരനെ പൊലീസ് തല്ലിയതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രചരിക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ കണ്ട കുടുംബം തുടര്‍ന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട് പോകാന്‍ തീരുമാനിച്ചത്. എസ്പി ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ ജനുവരി 23ന് ഡിവൈഎസ്പി ഓഫീസില്‍ വിളിച്ച് മൊഴിയെടുത്തു . എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.
അതേസമയം രാത്രിയില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് സിഐ സ്ഥലത്ത് എത്തിയതെന്നാണ് ഒദ്യോഗിക വിശദീകരണം. എഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും ജില്ലാപോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് അറിയിച്ചു.
സിഐ ഷമീര്‍ഖാന്‍, ഷമീര്‍ഖാന്‍