തീവണ്ടി യാത്രയ്ക്കിടെ പോലിസ് ഉദ്യോഗസ്ഥയുടെ സ്വര്‍ണമാല നഷ്ടമായി; ഫോണ്‍ വിളിയിലൂടെ കണ്ടെത്തി നല്‍കി റെയില്‍വേ പോലിസ്

തീവണ്ടി യാത്രയ്ക്കിടെ സ്വര്‍ണമാല നഷ്ടമായി; ഫോണ്‍ വിളിയിലൂടെ കണ്ടെത്തി നല്‍കി റെയില്‍വേ പോലിസ്

Update: 2025-02-13 01:51 GMT

കാസര്‍കോട്: തീവണ്ടിയാത്രയ്ക്കിടെ നഷ്ടമായ പോലീസ് ഉദ്യോഗസ്ഥയുടെ രണ്ടരപ്പവന്‍ വരുന്ന സ്വര്‍ണമാല ഫോണ്‍വിളിയിലൂടെ കണ്ടെത്തി നല്‍കി കാസര്‍കോട് റെയില്‍വേ പോലീസ്. കുമ്പള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയും കൊട്ടാരക്കര സ്വദേശിനിയുമായ ഷീജയുടെ മാലയാണ് ഫോണ്‍വിളിയിലൂടെ റെയില്‍വേ പോലിസ് കണ്ടെത്തിയത്. കൊല്ലത്തു നിന്നും കാസര്‍കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ മാവേലി എക്‌സ്പ്രസില്‍വെച്ചാണ് ഷീജയുടെ മാല നഷ്ടമായത്.

തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് തീവണ്ടിയിലെ എസ്-രണ്ട് കോച്ചില്‍ ഷീജയും മകളും കൊല്ലത്തുനിന്ന് കയറിയതായിരുന്നു. മാലയൂരി ബാഗില്‍ സൂക്ഷിച്ചു. കാസര്‍കോട്ടെത്തി പരിശോധിച്ചപ്പോഴാണ് മാല പോയ വിവരം അറിഞ്ഞത്. വിവരം കാസര്‍കോട് റെയില്‍വേ പോലീസിനെ അറിയിച്ചു. ഗ്രേഡ് എസ്.ഐ. സി.എസ്.സുനില്‍കുമാറും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനീഷ് കുമാറും ചേര്‍ന്ന് ടിക്കറ്റ് പരിശോധകനെ ബന്ധപ്പെട്ട് മംഗളൂരു ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ കോച്ചില്‍ യാത്രചെയ്ത മുപ്പതോളം യാത്രക്കാരുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.

ഇതില്‍ എറണാകുളം മുതല്‍ വടക്കോട്ട് ടിക്കറ്റെടുത്തവരുടെ നമ്പറുകളിലേക്ക് വിളിച്ച് അന്വേഷിച്ചു. അവര്‍ക്കാര്‍ക്കും അറിവില്ലായിരുന്നു. എന്നാല്‍ ഒരുനമ്പറില്‍ വിളിച്ചപ്പോള്‍ താന്‍ യാത്രചെയ്തില്ല, മംഗളൂരുവില്‍ പഠിക്കുന്ന മകനുവേണ്ടി താന്‍ ടിക്കറ്റെടുത്ത കൊടുത്തതാണെന്ന് അറിയിച്ചു. മകന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ചെയ്യാന്‍ നടപടിയെടുക്കുന്നതിനിടെ വിദ്യാര്‍ഥി തിരിച്ചുവിളിച്ചു.

മാല കമ്പാര്‍ട്ടുമെന്റില്‍നിന്ന് കിട്ടിയതായും ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വിദ്യാര്‍ഥി അറിയിച്ചു. തീവണ്ടിയിറങ്ങി നേരേ ക്ലാസിലേക്ക് പോകേണ്ടിവന്നതുകൊണ്ടാണ് പോലീസില്‍ അറിയിക്കാതിരുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഷീജയ്ക്ക് മാല കൈമാറുകയായിരുന്നു.

Tags:    

Similar News