രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കും; ജൈവവള നിര്‍മാണ യൂണിറ്റ് ആരംഭിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട: രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പന്തളം തെക്കേക്കരയില്‍ ആരംഭിച്ച ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും ട്രൈക്കോഡര്‍മ കുമിള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച് നല്‍കുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനമാണിത്.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എം. പിള്ള പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കര്‍, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കവിത, കൃഷി ഓഫീസര്‍ സി ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ പോള്‍ പി ജോസഫ്, ജി സന്തോഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് റീന രാജു, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.