തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷംരൂപ കവര്‍ന്ന കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷംരൂപ കവര്‍ന്ന കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

Update: 2025-02-28 01:54 GMT

മഞ്ചേരി: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷംരൂപ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പൂക്കോട്ടൂര്‍ അറവങ്കരയില്‍ നടന്ന സംഭവത്തില്‍ കണ്ണൂര്‍ വെള്ളാര്‍വെള്ളി കുന്നുമ്മല്‍വീട്ടില്‍ വൈശാഖ് (27), തോലമ്പ്ര പത്മാലയം വീട്ടില്‍ സന്ദീപ് (34), തോലമ്പ്ര വട്ടപ്പോയില്‍ വീട്ടില്‍ രതീഷ് (42) എന്നിവരെയാണ് മഞ്ചേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരില്‍ അറസ്റ്റുചെയ്തത്.

കേസില്‍ ഏഴുപ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവില്‍ക്കഴിഞ്ഞ മൂന്നുപ്രതികള്‍കൂടി പിടിയിലായതോടെ പ്രതിപ്പട്ടികയിലുള്ള പത്തുപേരും അറസ്റ്റിലായി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. സ്വര്‍ണംവാങ്ങാന്‍ അറവങ്കരയിലെത്തിയ തമിഴ്നാട് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ശേഷം പണം കൈക്കലാക്കി വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

ബിസിനസിന്റെ ഭാഗമായി സ്വര്‍ണംവാങ്ങാനെത്തിയതായിരുന്നു തമിഴ്നാട് കാമരാജശാല മധുരൈ അഴകന്‍ നഗര്‍ സ്വദേശി ആര്‍. ബാലസുബ്രഹ്‌മണ്യന്‍. ഇദ്ദേഹം ബസിറങ്ങി നടന്നുപോകുമ്പോള്‍ രണ്ടുകാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും പണം തട്ടിയെടുത്ത ശേഷം ബാലസുബ്രഹ്‌മണ്യനെ പിന്നീട് വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു. ഇദ്ദേഹം ജില്ലാപോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുകയായിരുന്നു.

ബാലസുബ്രഹ്‌മണ്യന്റെ വരവുസംബന്ധിച്ച് പ്രതികളിലൊരാളായ കോഴിക്കോട് കക്കോടി മക്കടകുഴിയില്‍ പുലത്ത് അജ്മലിന് (47) രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാള്‍ ആസൂത്രണംചെയ്ത പദ്ധതി സുഹൃത്തുകളായ മറ്റുപ്രതികള്‍ വഴി നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മഞ്ചേരി ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട, എസ്.ഐ. ജസ്റ്റിന്‍, എ.എസ്.ഐ. അനീഷ് ചാക്കോ, റിയാസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News