കൂടുതല്‍ യുവതീ -യുവാക്കള്‍ പാര്‍ട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്; അവര്‍ക്ക് കൂടി പരിഗണന നല്‍കുകയെന്നതാണ് സിപിഎം നയം; പാര്‍ട്ടി പദവിയില്‍ ഇളവ് ഒരാള്‍ക്ക് മാത്രമല്ലെന്ന് ഇപി ജയരാജന്‍

Update: 2025-03-04 10:29 GMT

കണ്ണൂര്‍ :പാര്‍ട്ടി പദവിയില്‍ പ്രായപരിധി ഇളവ് നല്‍കുന്നത് ഒരാള്‍ക്ക് വേണ്ടി മാത്രമെന്നത് ദുര്‍വ്യാഖ്യാനമാണെന്നും പ്രായപരിധി, ടേം വ്യവസ്ഥയില്‍ പാര്‍ട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണെന്നും സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ അരോളി യിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ യുവതീ -യുവാക്കള്‍ പാര്‍ട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവര്‍ക്ക് കൂടി പരിഗണന നല്‍കുകയെന്നതാണ് സിപിഎം നയമെന്നും ജയരാജന്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരങ്ങളോട് നല്ല വാക്കുകള്‍ കൊണ്ട് പ്രതികരിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നേരത്തെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീം ആശവര്‍ക്കര്‍മാരുടെ സമരത്തെ അപഹസിച്ച് സംസാരിച്ചിരുന്നു. അതിനെ പരാമര്‍ശിച്ചായിരുന്നു ഇപി യുടെ പ്രതികരണം. ആശ വര്‍ക്കര്‍മാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള സമരമല്ല ഇപ്പോള്‍ നടക്കുന്നത്. വലതു പക്ഷ തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നില്‍. കലാപാഹ്വാനമാണ് നടത്തുന്നതെന്നും ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമ സഭയില്‍ മുഖ്യമന്ത്രിയെ മിസ്റ്റര്‍ ചീഫ് മിനിസ്റ്ററെന്ന് രമേശ് ചെന്നിത്തല പരാമര്‍ശിച്ചതിനെയും ഇപി ജയരാജന്‍ വിമര്‍ശിച്ചു. അത്തരം പരാമര്‍ശം അഹംഭാവമാണെന്നും അതിനൊന്നും മരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ കൊള്ളില്ലെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. ഈ പ്രയോഗം സോണിയ ഗാന്ധിയുടെ അടുത്തും രാഹുല്‍ ഗാന്ധിയുടെ അടുത്തും പറയുമോയെന്നും ജയരാജന്‍ ചോദിച്ചു.

ഇളനീരിനേക്കാള്‍ നല്ലതാണ് കള്ളെന്നും കള്ളിന് ഒരുപാട് ഔഷധ ഗുണങ്ങളുണ്ടെന്നും ജയരാജന്‍ കുട്ടിച്ചേര്‍ത്തു. പണ്ട് കുട്ടികള്‍ക്ക് പോലും കള്ള് കൊടുക്കാറുണ്ട്. എന്നാല്‍ കള്ളിനെ കുറിച്ചല്ല പാര്‍ട്ടി സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്‍ പറഞ്ഞത്, മദ്യത്തെ കുറിച്ചാണെന്നും ജയരാജന്‍ പറഞ്ഞു.

Tags:    

Similar News