ആലുവാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി; ഒഡിഷ സ്വദേശികളായ ആറുപേര്‍ അറസ്റ്റില്‍

ആലുവാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

Update: 2025-03-06 01:58 GMT

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആലുവ പോലീസ് നടത്തിയ ഓപ്പറേഷന്‍ ക്ലീന്‍ പരിശോധനയില്‍ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഒഡിഷ സ്വദേശികളായ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ചൊവ്വാഴ്ച രാത്രി ആലുവ പമ്പ് കവലയില്‍നിന്നാണ് ഒഡിഷ കണ്ടമാല്‍ സ്വദേശി മമത ദിഗിലി (28) നെ നാല് കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ നടന്ന മറ്റൊരു പരിശോധനയിലാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 855 ഗ്രാം ഹാഷിഷ് ഓയിലുമായി അഞ്ചുപേര്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ ശിവ ഗൗഡ (29), കുല്‍ദര്‍ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാര്‍ (32), രാംബാബു സൂന (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മമത ദിഗില്‍ ഒഡിഷയില്‍നിന്ന് തീവണ്ടി വഴി കഞ്ചാവ് എത്തിച്ച് ഇവിടെ കിലോഗ്രാമിന് 25,000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. കഞ്ചാവ് കച്ചവടം ചെയ്ത ശേഷം ഇവര്‍ അടുത്ത തീവണ്ടിയില്‍ തിരിച്ചുപോകും. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷം രൂപ വില വരും. ശിവ ഗൗഡയാണ് ഇവരുടെ തലവന്‍. പോലീസ് സംശയിക്കാതിരിക്കാന്‍ കുടുംബമായാണ് ഇവര്‍ വന്നത്. ഡാന്‍സാഫുമായി ചേര്‍ന്നാണ് ആലുവ പോലീസ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ടി.ആര്‍. രാജേഷ്, സി.ഐ.മാരായ സോണി മത്തായി, വി.ആര്‍. സുനില്‍, എസ്.ഐ.മാരായ കെ. നന്ദകുമാര്‍, എസ്.എസ്. ശ്രീലാല്‍, ചിത്തുജി, സിജോ ജോര്‍ജ്, എ.എസ്.ഐ.മാരായ പി.എ. നൗഷാദ്, സാജിത, സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News