ഡിജിറ്റല്‍ അറസ്റ്റ്; 2024ല്‍ നഷ്ടമായത് 1935 കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റ്; 2024ല്‍ നഷ്ടമായത് 1935 കോടി രൂപ

Update: 2025-03-13 02:13 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ 2024ല്‍ നഷ്ടമായത് 1935 കോടി രൂപ. 2024-ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളേക്കാളും വന്‍ തുകയുടെ തട്ടിപ്പാണ് പോയ വര്‍ഷം നടന്നത്. അതേസമയം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഉള്‍പ്പെട്ട 3962-ലധികം സ്‌കൈപ്പ് ഐഡികളും 83,668 വാട്സാപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്രം അറിയിച്ചു. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി സഞ്ജയ് ബന്തികുമാറാണ് ഇക്കാര്യമറിയിച്ചത്.

നിയമപാലകരായി ആള്‍മാറാട്ടംനടത്തി വ്യക്തികളെ കബളിപ്പിക്കാനും ഇരകളോട് പണംകൈമാറാന്‍ നിര്‍ബന്ധിക്കാനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. 2022നും 2024-നുമിടയില്‍ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുടെയും അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളുടെയും എണ്ണം ഏകദേശം മൂന്നിരട്ടിയായെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

2022-ല്‍ 39,925 സംഭവങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. ആകെ 91.14 കോടി രൂപയുടെ തട്ടിപ്പ്. 2024-ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിച്ചു. തട്ടിപ്പ് 1935.51 കോടി രൂപയിലേക്കുയര്‍ന്നു. 2025 ഫെബ്രുവരി 28 വരെ 210.21 കോടി രൂപയുമായി ബന്ധപ്പെട്ട 17,718 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതുവരെ 7.81 ലക്ഷത്തിലധികം സിംകാര്‍ഡുകളും 2,08,469 ഐഎംഇഐകളും ബ്ലോക്ക് ചെയ്തതതായും സര്‍ക്കാര്‍ അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ടെലികമ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിച്ച് സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ കോളര്‍ട്യൂണ്‍ പ്രചാരണം ആരംഭിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.

Tags:    

Similar News