ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ അവരുടെ മുഖ്യഅജണ്ട? ഞങ്ങള്‍ക്ക് ഒറ്റ അജണ്ടയേയുള്ളൂ; എല്ലാവരും ഒന്നിച്ചുനില്‍ക്കണം; നിലപാട് പറഞ്ഞ് മന്ത്രി റിയാസ്
തിരുവനന്തപുരം: ചിലരുടെ താത്പര്യം കണ്ടാല്‍ ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വിഷയത്തില്‍ മറ്റു രാഷ്ട്രീയ താത്പര്യങ്ങള്‍ കലര്‍ത്തരുതെന്നും ഇതില്‍ ഒരു രാഷ്ട്രീയമേയുള്ളൂവെന്നും അത് ലഹരിയെ തുരത്തുക എന്ന രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി പോളിടെക്നിക്ക് കോളേജില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
''ലഹരിക്കെതിരേ എല്ലാവരെയും യോജിപ്പിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മുഖ്യമന്ത്രി അതില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരുതരത്തിലും തെറ്റായ പ്രവണതയോട് സന്ധിചെയ്ത് പോകാനാകില്ല. ചിലരുടെ താത്പര്യം കണ്ടാല്‍ ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപോകും. എല്‍ഡിഎഫായാലും യുഡിഎഫായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരേ നിലപാട് സ്വീകരിക്കുന്നവരാണ്. ഏതെങ്കിലും പ്രത്യേക മുന്നണിക്ക് ലഹരി വ്യാപകമാകണമെന്ന് ആഗ്രഹമില്ല. യുവജന വിദ്യാര്‍ഥി സംഘടനകളെ പരിശോധിച്ചാലും ലഹരിക്കെതിരെ നല്ലനിലയില്‍ തുടര്‍ച്ചയായ ക്യാമ്പയിനുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
എസ്എഫ്ഐ ലഹരിക്കെതിരേ തുടര്‍ച്ചയായ ക്യാമ്പയിന്‍ സംഘടിപ്പിച്ചുവരുന്ന സംഘടനയാണ്. അങ്ങനെയൊരു സംഘടന ഇത്തരത്തില്‍ ഇടപെടുമ്പോള്‍ വിദ്യാര്‍ഥിസംഘടനകള്‍ എല്ലാവരും കൈകോര്‍ത്ത് ഇതില്‍ ഇടപെടുകയും സര്‍ക്കാരിനൊപ്പം നിലകൊള്ളുകയും ചെയ്യണം. അത്തരമൊരു ഘട്ടത്തില്‍ ലഹരിയെ ഒതുക്കലല്ല എസ്എഫ്ഐയെ ഒതുക്കലാണ് അജണ്ട എന്ന് തോന്നുന്നനിലയില്‍ ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ജനം മനസിലാക്കും. ജനം അത്തരം കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കും.-റിയാസ് പറഞ്ഞു.
ലഹരിയാണോ എസ്എഫ്ഐയാണോ അവരുടെ പ്രശ്നമെന്ന് അങ്ങനെ പറയുന്നവര്‍ നയം വ്യക്തമാക്കണം. ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ അവരുടെ മുഖ്യഅജണ്ട? ഞങ്ങള്‍ക്ക് ഒറ്റ അജണ്ടയേയുള്ളൂ. എല്ലാവരും ഒന്നിച്ചുനില്‍ക്കണം. ലഹരി ഇല്ലാതാക്കണം. ഇതിന്റെ സ്രോതസ്സ് കണ്ടെത്തണം. നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് പോലെ കര്‍ക്കശ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു.