കോവിഡ് കാരണം അമേരിക്കന്‍ വിനോദയാത്ര റദ്ദാക്കി; പകരം വാഗ്ദാനം ചെയ്തത് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന ടൂര്‍ വൗച്ചര്‍; ടൂര്‍ ഓപ്പറേറ്റര്‍ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ടൂര്‍ ഓപ്പറേറ്റര്‍ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: കോവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഈടാക്കിയ തുക മടക്കി നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. തിരുവനന്തപുരം സ്വദേശിയും റിട്ടയേര്‍ഡ് കേണലുമായ രാജു ടി.സി, എറണാകുളത്തെ ഫോര്‍ച്യൂണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരനും ഭാര്യയും 16 ദിവസത്തെ അമേരിക്കന്‍ ടൂറിന് വേണ്ടിയാണ് എതിര്‍കക്ഷിക്ക് പണം നല്‍കിയത്. കോവിഡ് മൂലം വിനോദയാത്ര റദായി. 2020 മെയ് മാസം യാത്ര റദ്ദാക്കിയത്. പകരം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന 1,49,000/ രൂപയുടെ ടൂര്‍ വൗച്ചര്‍ ആണ് എതിര്‍കക്ഷി വാഗ്ദാനം നല്‍കിയത്. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ പണം തിരിച്ചു നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. തിരികെ ലഭിക്കേണ്ട തുക ഏകപക്ഷീയമായി എതിര്‍കക്ഷി നിഷേധിച്ചു. ഇത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.
തങ്ങളുടെ നിയന്ത്രണത്തില്‍ അതീതമായ കാരണങ്ങളാല്‍ ആണ് വിനോദയാത്ര റദ്ദാക്കിയത് എന്നും ആയതിനാല്‍ തുക തിരിച്ചു നല്‍കാന്‍ നിര്‍വാഹമില്ല എന്ന നിലപാടാണ് എതിര്‍കക്ഷി കോടതി മുമ്പാകെ സ്വീകരിച്ചത്.
റദ്ദാക്കിയ ടൂറിന്റെ പണം തിരിച്ചു നല്‍കാതിരിക്കുന്നത് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 1,65,510/ രൂപ,10,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാര്‍ക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് സിസിലി കെ കെ കോടതിയില്‍ ഹാജരായി.