കോന്നിയില്‍ ബന്ധുവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയില്‍; തടയാനെത്തിയ മാതൃസഹോദരനോട് കൊടുംക്രൂരത; മദ്യലഹരിയില്‍ അഴിഞ്ഞാടി ക്രിമിനല്‍ കേസിലെ പ്രതി
ബന്ധുവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
കോന്നി: പത്തനംതിട്ട കോന്നിയില്‍ മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ബന്ധുവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കോന്നി എലിയറക്കല്‍ ഇടത്തൊടിയില്‍ വീട്ടില്‍ വഹാബ് (52) കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം പൂവാര്‍ തെക്കേ തെരുവ് ഇ.എം.എസ് കോളനി സ്വദേശി നിയാസ് നസീറിനെ (33) കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.
നിയാസിന്റെ ഭാര്യ ജാസ്മിന്റെ അമ്മയുടെ സഹോദരനാണ് കൊല്ലപ്പെട്ട വഹാബ്. ഒരു വര്‍ഷം മുന്‍പ് ജാസ്മിനെ രജിസ്റ്റര്‍ വിവാഹം ചെയ്ത നിയാസ് കോന്നിയിലാണ് താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ നിയാസ് ജാസ്മിനെ ഉപദ്രവിക്കുന്നത് കണ്ട് തൊട്ടടുത്ത് താമസിച്ചിരുന്ന വഹാബ് തടയാന്‍ എത്തി. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ നിയാസ് വീട്ടിലിരുന്ന ചുറ്റികയെടുത്ത് വഹാബിന്റെ തലയില്‍ അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വഹാബിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
സംഭവം നടന്ന ഉടനെ തന്നെ കോന്നി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി വധശ്രമം ഉള്‍പ്പെടെ നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ നിയാസ് എന്ന് പോലീസ് അറിയിച്ചു.
കോന്നി ഇന്‍സ്പെക്ടര്‍ (എസ്.എച്ച്.ഒ) ശ്രീകുമാര്‍ എസ്, എസ്.ഐ ഷൈജു, എസ്.സി.പി.ഒ മാരായ ഡിക്രൂസ്, അരുണ്‍, അനീഷ്, സുബിന്‍, സി.പി.ഒ ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.