എം ആര്‍ അജിത് കുമാര്‍ ഇനി ബെവ്‌കോ എംഡി; ഹര്‍ഷിത അട്ടല്ലൂരി ട്രാഫിക് ഐജി
എം ആര്‍ അജിത് കുമാര്‍ ഇനി ബെവ്‌കോ എംഡി
തിരുവനന്തപുരം: കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (ക്യാറ്റ്) ഉത്തരവിനെത്തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ എഡിജിപി എം.ആര്‍. അജിത് കുമാറിനെ ബെവ്‌കോ എംഡിയായി നിയമിച്ചു. നിലവിലുണ്ടായിരുന്ന എംഡി ഹര്‍ഷിത അട്ടല്ലൂരിയെ പദവിയില്‍ നിന്ന് നീക്കിയാണ് പുതിയ നിയമനം. ഹര്‍ഷിത അട്ടല്ലൂരി ഇനി ട്രാഫിക് ഐജിയായിരിക്കും.
കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കണമെന്ന ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്നാണ് അജിത് കുമാറിന് എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം നഷ്ടമായത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഇല്ലാത്തവരെ നിയമിക്കുന്നതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി. അശോകനും ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ വിധി. കേഡര്‍ തസ്തികകളില്‍ നിലവില്‍ തുടരുന്ന ഐഎഎസ് ഇല്ലാത്തവര്‍ സ്ഥാനമൊഴിയണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്.
ട്രൈബ്യൂണല്‍ ഉത്തരവിന് കാരണക്കാരനായ ബി. അശോകിനെ സൈനിക ക്ഷേമം, സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയിട്ടുണ്ട്. ഇത് അപ്രധാന വകുപ്പുകളിലേക്കുള്ള മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ട്രിബ്യൂണല്‍ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഭരണതലപ്പത്ത് വലിയ അഴിച്ചുപണികള്‍ക്കാണ് നിലവില്‍ വഴിയൊരുങ്ങുന്നത്.