മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ 52,600 കോടി രൂപയുടെ നിക്ഷേപവുമായി സോള്‍സ്‌റ്റൈസ്
മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ 52,600 കോടി രൂപയുടെ നിക്ഷേപവുമായി സോള്‍സ്‌റ്റൈസ്
കണ്ണൂര്‍: മട്ടന്നൂര്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 52,600 കോടി രൂപയുടെ നിക്ഷേപപദ്ധതിക്ക് ദുബായ് ആസ്ഥാനമായ സോള്‍സ്‌റ്റൈസ് ഡേറ്റയുമായി ധാരണാപത്രം ഒപ്പിട്ടു. പാര്‍ക്കിലെ 100 ഏക്കര്‍ ഭൂമിയാണ് കമ്പനിക്ക് കൈമാറുന്നതിന് ധാരണായിട്ടുള്ളത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജിന്റെയും സാന്നിധ്യത്തില്‍ സോള്‍സ്‌റ്റൈസ് ഡേറ്റ കണ്‍ട്രി ഹെഡ് (ഇന്‍ഡ്യ) രാജ് ബാബു തുളസീധരനും കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസുമാണ് തി്രുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധാരണാപത്രം കൈമാറിയത്.
ആഗോളതലത്തില്‍ ആധുനികവും എഐ അധിഷ്ഠിതവുമായ ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് (എച്ച്പിസി) ഡേറ്റ സെന്ററുകള്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സോള്‍സ്‌റ്റൈസിന് ദുബായിക്ക് പുറമെ അമേരിക്കയിലും കാനഡയിലും ഉള്‍പ്പെടെ അറുപതിലധികം ഡേറ്റ സെന്റര്‍ പദ്ധതികള്‍ നിലവിലുണ്ട്. കേരളത്തിലെ ഡിജിറ്റല്‍ മേഖലയില്‍ വലിയ സാധ്യതകള്‍ തുറന്നിടുന്നതായിരിക്കും പ്രാദേശിക പങ്കാളിത്തത്തോടെ ഇവര്‍ മട്ടന്നൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റ സെന്ററെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷം കൊണ്ടാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്ന നിക്ഷേപം ഇവിടെ സാധ്യമാകുക.
മട്ടന്നൂരിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ നിലവിലുള്ള 175 ഏക്കര്‍ ഭൂമിയില്‍ അടിസ്ഥാനസൗകര്യവികസനത്തിനുശേഷം 123 ഏക്കറാണ് വ്യാവസായികാവശ്യങ്ങള്‍ക്ക് കൈമാറാനാകുന്നത്. ഇവിടെ കിന്‍ഫ്ര സ്ഥാപിച്ച 36,000 ചതുരശ്ര അടി വരുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പൂര്‍ണമായും വ്യാവസായികാവശ്യങ്ങള്‍ക്ക് അനുവദിച്ചുകഴിഞ്ഞു. അതോടൊപ്പം 12 സംരംഭങ്ങള്‍ക്ക് ഭൂമിയും നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന നൂറ് ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ സോള്‍സ്‌റ്റൈസിന് കൈമാറുന്നതിന് ധാരണയായിട്ടുള്ളത്.