തൃത്താലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരുക്ക്; കാലിന്റെ പിന്‍ഭാഗത്ത് മാംസം പൂര്‍ണ്ണമായി ഇളകിപ്പോയ നിലയില്‍; തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃത്താലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരുക്ക്
പാലക്കാട്: പാലക്കാട് തൃത്താലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 73 വയസ്സുകാരിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൃത്താല സ്വദേശിനി ഭാര്‍ഗവിയുടെ കാലിലെ മാംസം പൂര്‍ണ്ണമായി ഇളകിപ്പോയ നിലയിലാണ്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഭാര്‍ഗവിയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
വീടിന്റെ മുറ്റത്ത് നിന്നിരുന്ന ഭാര്‍ഗവിയെ തെരുവുനായ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കാലിന്റെ പിന്‍ഭാഗത്ത് ആഴത്തില്‍ കടിയേറ്റതാണ് മാംസം പൂര്‍ണ്ണമായി ഇളകിപ്പോകാന്‍ കാരണമായത്. വയോധികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ഓടിച്ച് ഭാര്‍ഗവിയെ രക്ഷപ്പെടുത്തിയത്.
ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഭാര്‍ഗവിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ആക്രമിച്ച നായയെ ഉടന്‍ പിടികൂടി പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയുണ്ടായ ഈ സംഭവം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.