കൊഴിഞ്ഞാമ്പാറയില്‍ ജ്യോത്സ്യനെ കെണിയില്‍പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; കുടുങ്ങിയത് പ്രഭുവും സംഗീതയും

Update: 2025-03-16 17:10 GMT

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ജ്യോത്സ്യനെ കെണിയില്‍പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊല്ലങ്കോട് സ്വദേശി പ്രഭു (35), പുതുശ്ശേരി സ്വദേശി സരിത എന്ന സംഗീത (43) എന്നിവരാണ് പിടിയിലായത്.

സരിതയെ പാലക്കാട്ടിലെ ഒരു ലോഡ്ജില്‍ നിന്നും സുനില്‍കുമാറിനെ കൊല്ലങ്കോട് നിന്നുമാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനിയും നിരവധി പേര്‍ സംഭവത്തില്‍ നേരിട്ടും ഗൂഢാലോചനയിലുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തലയില്‍ രഞ്ജിത്ത് (35), മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം പാറക്കാല്‍ സ്വദേശി എസ്. ശ്രീജേഷ് (24) എന്നിവരാണ് ഇതിന് മുന്‍പ് പിടിയിലായത്. കൊല്ലങ്കോട് സ്വദേശിയായ സുനില്‍കുമാറാണ് ജോത്സ്യനില്‍ എത്തിച്ച് നല്‍കിയതെന്നാണ് കണ്ടെത്തല്‍.

പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ കാലിന് പരിക്കേറ്റ ജിതിന്‍, കല്ലാണ്ടിചള്ളയിലെ വീടിന്റെ ഉടമസ്ഥനും സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന പ്രദിഷ് എന്നിവര്‍ പോലീസ് നിരീക്ഷണത്തിലാണ്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് പരാതിക്കാരന്‍. ദോഷം അകറ്റുന്നതിനുള്ള പരിഹാരം കാണുന്നതിനായി എന്നുപറഞ്ഞ് കൊഴിഞ്ഞാമ്പാറയിലെ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വിവസ്ത്രനാക്കി. നഗ്നയായ യുവതിയുമായി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു.

നാലര പവന്‍ വരുന്ന സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. കൂടാതെ ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

Tags:    

Similar News