ഷഹബാസിന്റെ കുടുംബവും ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു; നീതി ഉറപ്പു നല്‍കി മുഖ്യമന്ത്രി

Update: 2025-03-27 08:32 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മരിച്ച ഷഹബാസിന്റെ കുടുംബവും ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രിയെ കണ്ടു. ഷഹബാസിന്റെ കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്ക് അന്വേഷിക്കുക, കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയ പ്രേരണ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നും നഞ്ചക്ക് ഉള്‍പ്പടെ വീട്ടില്‍ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞു. രക്ഷിതാക്കള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും കുടുംബം പ്രതികരിച്ചു.

ഷിബിലയുടെ പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് ഉണ്ടായ വീഴ്ച അന്വേഷിക്കുക, പ്രതി യാസിറിന് തക്കതായ ശിക്ഷ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. ഷിബില നല്‍കിയ പരാതിയില്‍ അന്വേഷണം വൈകിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കാരണക്കാരായ ടഒഛ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിവേണം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചെന്നും ബന്ധുക്കള്‍ അറിയിച്ചു. യാസിറിന്റെ കുടുംബത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് കുടുംബം പ്രതികരിച്ചു.

Tags:    

Similar News