മരുമകള്‍ ഡിസ്റ്റിങ്ഷനോടെ ഡോക്ടറായി; സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; കൗതുക നിമിഷത്തിന് വേദിയൊരുക്കി അമൃത ബിരുദദാന ചടങ്ങ്; കൃത്രിമത്വം ഇല്ലാത്ത സേവനം ഡോക്ടര്‍മാര്‍ മുഖമുദ്രയാക്കണമെന്ന് ജസ്റ്റിസ്
മരുമകള്‍ ഡിസ്റ്റിങ്ഷനോടെ ഡോക്ടറായി; സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ബിരുദദാന ചടങ്ങ് കൗതുക നിമിഷത്തിനു വേദിയായി. 2019 ബാച്ചില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ 89 പേരില്‍ ഒരാള്‍ പാര്‍വതി നമ്പ്യാര്‍ ആയിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയത് ഭര്‍തൃപിതാവും കേരള ഹൈക്കോടതി ജഡ്ജുമായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും.
പ്രമുഖ അഭിഭാഷകര്‍ ഉള്‍പ്പെട്ട കുടുംബത്തിലേക്ക് ഒരു ഡോക്ടര്‍ എത്തുന്നതിലെ സന്തോഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ പങ്കുവെച്ചു. കുടുംബം പഠനത്തിന് മികച്ച പിന്തുണ നല്‍കിയതായി പാര്‍വതി നമ്പ്യാര്‍ പറഞ്ഞു. ഡിസ്റ്റിങ്ഷനോടെയാണ് പാര്‍വതി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ് അഡ്വ. ശശാങ്ക് ദേവനും കുടുംബത്തിന് ഒപ്പം എത്തിയിരുന്നു. തലശേരിയില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജയകൃഷ്ണന്‍ നമ്പ്യാരുടെയും സൗമ്യയുടേയും മകളാണ് പാര്‍വതി.
കൃത്രിമത്വം ഇല്ലാത്ത സേവനം ഡോക്ടര്‍മാര്‍ മുഖമുദ്രയാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കര്‍മ്മ മേഖലയില്‍ മികവ് വര്‍ദ്ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും നിയമം മൂലമുള്ള കര്‍ത്തവ്യമാണ് എന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കൂടുതല്‍ വിജ്ഞാനം നേടുംതോറും നമുക്കുള്ളിലെ അജ്ഞതയെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ കെപി എംബിബിഎസ് ബിരുദദാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമൃത ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജോര്‍ജ് മാത്യൂസ് ജോണ്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. ആനന്ദ് കുമാര്‍, ഫിസിയോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. സരസ്വതി എല്‍., പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ.സി ജയകുമാര്‍, അനാട്ടമി വിഭാഗം മേധാവി ഡോ. മിന്നി പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.