കുറുപ്പുംപടിയിൽ റൂമെടുത്ത് താമസം; 500 രൂപ കൊടുത്താൽ സാധനം ചെറിയ പൊതികളിലാക്കി കൃത്യസമയത്ത് എത്തിക്കും; പോലീസ് ആശാനെ വളഞ്ഞതും സത്യം പുറത്ത്; കൈയ്യോടെ പൊക്കി

Update: 2026-03-04 16:54 GMT

കൊച്ചി: നാല് കിലോയോളം കഞ്ചാവുമായി അസം നൗഗാവ് സ്വദേശിയായ റബ്ബുൽ ഇസ്‌ലാം (23) കൊച്ചിയിൽ പോലീസ് പിടിയിലായി. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്നാണ് കുറുപ്പംപടി ടൗണിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെറിയ പൊതികളിലാക്കി, 500 രൂപ നിരക്കിൽ കഞ്ചാവ് വിൽപന നടത്തിവന്ന റബ്ബുൽ, കുറച്ചു നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.

ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്‌ലാമിന് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തോളമായി കുറുപ്പംപടിയിൽ റൂമെടുത്തു താമസിച്ചുവരികയായിരുന്ന ഇയാൾ, പ്രദേശത്തെ ചെറുകിട കഞ്ചാവ് വിപണനത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും മറ്റ് ലഹരി ഉപഭോക്താക്കൾക്കിടയിലും കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇയാളുടെ അറസ്റ്റ്, ഈ മേഖലയിലെ മയക്കുമരുന്ന് ശൃംഖലക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയെ കൂടാതെ ഇൻസ്പെക്ടർ കെ.വി രാജേഷ് കുമാർ, എസ്ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, പി.എ. ഷംസു, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, കെ.എ. നൗഫൽ, അരുൺ കരുൺ എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള പോലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ലഹരിവസ്തുക്കളുടെ ഉറവിടങ്ങളെക്കുറിച്ചും പ്രാദേശിക വിതരണ ശൃംഖലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Similar News