സംഭാരം കുടിക്കാനെന്ന വ്യാജേന ക്യൂവിൽ നിന്നു, ലക്ഷ്യം ഭക്തരുടെ മാല; ആറ്റുകാൽ പൊങ്കാലയ്ക്കിടെ മോഷണ ശ്രമം; ലേഡീസ് ഗ്യാങ് തമ്പാനൂരിൽ പിടിയിൽ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തിയ ഭക്തരുടെ ആഭരണങ്ങൾ കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികളായ നാലംഗ സംഘം തമ്പാനൂരിൽ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ മീന, റോസ്‌ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്.
പൊങ്കാലയിടാൻ എത്തിയ ഭക്തരെന്ന വ്യാജേനയാണ് ഇവർ നഗരത്തിൽ തമ്പടിച്ചത്. തമ്പാനൂരിൽ സംഭാരം വിതരണം ചെയ്യുന്നതിനിടെയുള്ള തിരക്കിനിടയിലായിരുന്നു മോഷണശ്രമം. ക്യൂവിൽ നിന്ന ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ കൈയോടെ പിടിയിലായി. ഉടൻ തന്നെ തമ്പാനൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിടിയിലായ സ്ത്രീയെ ചോദ്യം ചെയ്തപ്പോഴാണ് സംഘമായിട്ടാണ് എത്തിയതെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റ് മൂന്നുപേരെ കൂടി പൊലീസ് വലയിലാക്കി. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ നൽകുന്ന വിവരങ്ങളിൽ വലിയ വൈരുദ്ധ്യമുള്ളതായി പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ഏത് ഭാഗത്ത് നിന്നാണ് ഇവർ എത്തിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് ശ്രമിച്ചുവരികയാണ്. കൂടുതൽ മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.