കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല; ലഹരിക്കെതിരേ കണ്ടം ക്രിക്കറ്റ് കളിക്കാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പത്തനംതിട്ട ജില്ലാ കലക്ടര്‍ എത്തും; ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

Update: 2025-04-03 04:10 GMT

പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി അവര്‍ക്കൊപ്പം കണ്ടം ക്രിക്കറ്റ് കളിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ എത്തു. ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കലക്ടര്‍ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന തലക്കെട്ടില്‍ പങ്കു വച്ചിരിക്കുന്ന പോസ്റ്റിലാണ് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ താനുമെത്തുന്ന വിവരം കലക്ടര്‍ പങ്കു വച്ചിരിക്കുന്നത്. കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയവിദ്യാര്‍ത്ഥികളെ,

വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നില്‍ തളയ്ക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്സിറും പറത്തി വിക്കറ്റുകള്‍ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളില്‍ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ഉള്‍പ്പെടുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ബാറ്റ് വീശാന്‍ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേര്‍ത്തു വെയ്ക്കാന്‍ ആവേശത്തെ പുറത്തെടുക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും.

സ്നേഹപൂര്‍വ്വം നിങ്ങളുടെ കലക്ടര്‍.

Similar News