നടി ഹണി റോസിനെതിരായ ജിഎസ്ടി നോട്ടീസ് ഹൈക്കോടതി റദ്ദാക്കി; ഓരോ സാമ്പത്തിക വര്‍ഷത്തെയും നികുതി രേഖകള്‍ പ്രത്യേകം ആവശ്യപ്പെടണമെന്ന് കോടതി

നടി ഹണി റോസിനെതിരായ ജിഎസ്ടി നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

Update: 2026-02-17 15:46 GMT

കൊച്ചി: നടി ഹണി റോസിനെതിരെ ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് കോടതി റദ്ദാക്കിയത്. ഓരോ സാമ്പത്തിക വര്‍ഷത്തെയും നികുതി രേഖകള്‍ പ്രത്യേകം ആവശ്യപ്പെടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അഭിനയത്തിലൂടെ നേടിയ വരുമാനത്തിന് നികുതി അടച്ചില്ലെന്നും, ആകെ ലഭിച്ച വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി വകുപ്പ് ഹണി റോസിന് നോട്ടീസ് അയച്ചിരുന്നത്.

അതേസമയം, ഹണി റോസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റേച്ചല്‍'. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇറച്ചി വെട്ടുകാരിയുടെ ഏറെ വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ താരം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രത്തില്‍ ഹണി റോസിനൊപ്പം ബാബുരാജ്, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോണ്‍, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Tags:    

Similar News