ഓര്‍മ്മകള്‍ക്ക് ലാല്‍ സലാം: എകെജി സ്മൃതി മ്യൂസിയം തുറന്നു; ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി
ഓര്‍മ്മകള്‍ക്ക് ലാല്‍ സലാം: എകെജി സ്മൃതി മ്യൂസിയം തുറന്നു
പെരളശേരി :ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദങ്ങള്‍ ഇല്ലാതാക്കി ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിലോമകരമായ ഇടപെടലുകള്‍ക്കെല്ലാം എതിരായ ചെറുത്തുനില്‍പ്പുകള്‍ കൂടിയാണ് ചരിത്രം ഓര്‍മിപ്പിക്കുന്ന മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരളശ്ശേരിയില്‍ എകെജി മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മ്യൂസിയങ്ങളെ വെറും പ്രദര്‍ശനശാലകളായി കാണുന്ന നയമല്ല എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ യുഗമാണിത്. അറിവുകള്‍ വേഗത്തില്‍ പകര്‍ന്നു നല്‍കപ്പെടുന്നുണ്ട്. നുണകളും വേഗത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. നുണകള്‍ക്കാണ് അതിവേഗത. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ഇത്തരം നുണപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നത് അതീവ ഗൗരവതരമാണ്. ഇൗ സാഹചര്യത്തില്‍ മ്യൂസിയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നുണകളെ നേരിടാനുള്ള വിജ്ഞാന ശാലയാണ് മ്യൂസിയങ്ങള്‍. എകെജി അടക്കമുള്ളവരുടെ പോരാട്ടങ്ങളാണ് നമ്മുടെ നാടിനെ ഇൗ സ്ഥിതിയിലെത്തിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കുകയാണ് ചിലര്‍. ജന്‍മി നാടുവാഴിത്തത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും നടന്ന പ്രക്ഷോഭങ്ങളെ തമസ്‌കരിക്കുകയാണിവര്‍. ബ്രീട്ടീഷ് പാദസേവകരായിരുന്നവരാണ് ഇതിനുപിന്നില്‍. പാര്‍ലിമെന്ററി ജനാധിപത്യത്തെയും ഇവര്‍ അപകടത്തിലാക്കുന്നു. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കുന്നതും വിമര്‍ശിക്കുന്ന അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്നതും അംഗങ്ങളെ വേട്ടയാടുന്നതുമെല്ലാം ഇത്തരം ഏകാധിപത്യ പ്രവണതയുടെ ലക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്ന് എകെജി തുടങ്ങിവച്ച കാഴ്ചപ്പാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അതിനാല്‍ അദ്ദേഹത്തിന് ജന്മനാട്ടില്‍ ഒരു ഉചിതമായ സ്മാരകം നിര്‍മിക്കുന്നത് പുതുതലമുറക്കുവേണ്ടിയുള്ള ചരിത്രത്തിന്റെ കരുതിവെപ്പ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു നിലകളിലായി ആറ് ഗ്യാലറികളിലാണ് എ കെ ജി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എ കെ ജി യുടെ സമര പോരാട്ടങ്ങള്‍, പാര്‍ലമെന്റിലെ മികച്ച പ്രകടനങ്ങള്‍, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവ പുതുതലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയറ്റര്‍, എകെജിയുടെ ദീര്‍ഘകായ പ്രതിമകള്‍, മിനിയേച്ചറുകള്‍, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, സമരങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയുടെ ദൃശ്യാവിഷ്‌കാരം, ഡോക്യുമെന്റേഷന്‍ സംവിധാനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് സജ്ജമായിരിക്കുന്നത്.
തലശ്ശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേര്‍ന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്. 12.06 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവ്. കെട്ടിടം നിര്‍മ്മിക്കുന്നതിന് 6.44 കോടി രൂപയും പ്രദര്‍ശന സജ്ജീകരണങ്ങള്‍ക്കായി 4.82 കോടി രൂപയും ചെലവഴിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ പി എസ് മഞ്ജുള ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ്, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. ഷീബ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എം. സി. രാഗസുധ, വേങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം കെ . പ്രസാദ്,മുന്‍ എം. പി. കെ. കെ. രാഗേഷ്, മുന്‍ എം. എല്‍എ എം. വി. ജയരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ എ. ദിനേശന്‍, പുരാരേഖ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. പാര്‍വതി, എം.കെ. മുരളി, ടി. പ്രകാശന്‍ മാസ്റ്റര്‍, എന്റെ. പി. ശ്രീധരന്‍, പി. പി. ദിവാകരന്‍, കെ. റൗഫ് മാസ്റ്റര്‍, എം. ജയപ്രകാശ്, വി. കെ. ഗിരിജന്‍, കെ. ശിവദാസന്‍ മാസ്റ്റര്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഏ. ജി. വിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ എകെജിയുടെ മകള്‍ ലൈലയും പങ്കെടുത്തു.
