ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് മൂന്നിന് പ്രാദേശിക അവധി

Update: 2026-02-17 14:52 GMT

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തിരുവനന്തുരം നഗരപരിധിയിലെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നഗരസഭാപരിധിയിലെയും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലെയും മുഴുവന്‍ മദ്യവില്പനശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മാര്‍ച്ച് രണ്ട് വൈകീട്ട് ആറ് മുതല്‍ മൂന്നിന് വൈകീട്ട് ആറ് വരെയാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷത്തെ പൊങ്കാലമഹോത്സവം ഫെബ്രുവരി 23 ന് ആരംഭിച്ച് മാര്‍ച്ച് നാലിന് സാമപിക്കും ഇതില്‍ പ്രധാന ചടങ്ങായ പൊങ്കാലയിടല്‍ മൂന്നിന് നടക്കും. പൊങ്കാലയോടനുബന്ധിച്ച് 700 കെ.എസ്.ആര്‍.ടി.സി ബസ് അധികസര്‍വീസ് നടത്തും. ഇതൊടൊപ്പം തീര്‍ത്ഥാടനടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സിറ്റി ഷട്ടില്‍ സര്‍വീസിനായി 25 ബസുകളും സര്‍വീസ് നടത്തും. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി 400 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

Similar News