രാജ്യത്ത് അഞ്ചിലൊരാള്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവ്; കുറച്ചെങ്കിലും വെയില്‍ കൊള്ളൂ എന്ന് ഡോക്ടര്‍മാര്‍
രാജ്യത്ത് അഞ്ചിലൊരാള്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവ്
കണ്ണൂര്‍: രാജ്യത്ത് അഞ്ചില്‍ ഒരാള്‍ക്കെങ്കിലും വൈറ്റമിന്‍ ഡിയുടെ കുറവെന്ന് റിപ്പോര്‍ട്ട്. അതില്‍ തന്നെ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെ. ഗവേഷണ, വിശകലനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് റിസര്‍ച്ചിന്റെ പഠനത്തിലാണ് വൈറ്റമിന്‍ ഡി അളവിലെ കുറവിനെക്കുറിച്ച് പറയുന്നത്.
ശരീരം ഉത്പാദിപ്പിക്കുന്ന ഏക വൈറ്റമിനാണ് വൈറ്റമിന്‍ ഡി. ചര്‍മം സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നിര്‍മിക്കുന്നത്. വെയിലേറ്റാല്‍ മതി വൈറ്റമിന്‍ കിട്ടാന്‍. എന്നാല്‍ രാജ്യത്ത് അഞ്ചില്‍ ഒരാള്‍ക്കെങ്കിലും വൈറ്റമിന്‍ ഡിയുടെ കാര്യമായ കുറവുണ്ടെന്നാണ് അവസാനം വന്ന റിപ്പോര്‍ട്ട്. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കുന്ന കാര്യം ഉള്‍പ്പടെ പരിഗണിച്ച് രാജ്യത്ത് നയംമാറ്റം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രക്തപരിശോധന നടത്തുമ്പോള്‍ വലിയ ശതമാനമാളുകളിലും വൈറ്റമിന്‍ ഡിയുടെ കുറവുള്ളതായി കേരളത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. 30 മുതല്‍ 50എന്‍ജി/എംഎല്‍ ആണ് വൈറ്റമിന്‍ ഡിയുടെ അനുയോജ്യമായ അളവ്. 30-ല്‍ കുറയുന്നവരില്‍ ഗുളിക നിര്‍ദേശിക്കുന്നുണ്ട്. അളവ് 20-ല്‍ കുറയുന്നത് ദോഷമാണ്.
വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ അസ്ഥികള്‍ ശോഷിക്കുകയും പേശികള്‍ ദുര്‍ബലമാകുകയും ചെയ്യും. മൂഡ് മാറ്റങ്ങളുണ്ടാവാം. പ്രതിരോധശേഷി കുറയാം. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും വൈറ്റമിന്‍ ഡി സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്‌സിഡന്റ് പ്രത്യേകത ഉള്‍പ്പടെയുള്ള വൈറ്റമിന്‍ ഹൃദ്രോഗം, പ്രമേഹം, ചില അര്‍ബുദങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നുണ്ട്.
മുറിയില്‍ ഒതുങ്ങുന്ന പുതിയ ജീവിതക്രമം വൈറ്റമിന്‍ ഡി കുറവിന് വലിയ കാരണമാവുന്നതായി പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാര്‍ പറയുന്നു. പ്രായമുള്ളവര്‍ രാവിലെയെങ്കിലും വെയില്‍കൊള്ളാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒതുങ്ങുന്ന വയോധികര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.