ഭിന്നശേഷിക്കാരനും രക്ഷയില്ല; കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ച് ലൈംഗികാതിക്രമം; മല്ലപ്പളളിയില്‍ അറുപത്തിമൂന്നുകാരന്‍ പിടിയില്‍
ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ 63 കാരന്‍ പിടിയില്‍
മല്ലപ്പള്ളി: ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര വേങ്ങല്‍ ഗൗരിശങ്കരം വീട്ടില്‍ ടി.എ.കൃഷ്ണന്‍ (63) ആണ് പിടിയിലായത്. 45 ശതമാനം ശാരീരിക ബുദ്ധിമുട്ടുള്ള 42 കാരനെയാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ ഏഴിന് വൈകിട്ട് നാലോടെയാണ് സംഭവം. കല്ലുപ്പാറ ചെങ്ങരൂര്‍ ആശ്രമം ജംഗ്ഷനില്‍ നിന്ന യുവാവിനെ ഒരുനില കെട്ടിടത്തിന്റെ മുകളിലെ ടെറസില്‍ എത്തിച്ച് പ്രതി ദേഹത്ത് കടന്നുപിടിച്ച് അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഈ കെട്ടിടത്തിലെ ഒരു മുറിയിലാണ് പ്രതി താമസിക്കുന്നത്.
യുവാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ബി എന്‍ എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊപ്പം ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച നിയമം 2016 ത്തിലെ വകുപ്പ് 92(ല) കൂടി ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.