നാല് വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ട്? ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് ഹൈക്കോടതി; കരുവന്നൂരില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. നാല് വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞു. കരുവന്നൂര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ നാല് വര്‍ഷമായി അന്വേഷണം നടത്തിയിട്ടും ഒരു കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സര്‍ക്കാരുമായും സിപിഎമ്മുമായും ബന്ധമുള്ളവരാണ് അന്വേഷണം നേരിടുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പോലീസിന്റെ കൈവശം രേഖകളില്ലെന്നും എല്ലാം ഇഡിയുടെ കൈയിലാണെന്നും അതുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. പത്ത് വര്‍ഷത്തെ കണക്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ കുറഞ്ഞത് മൂന്ന് മാസത്തെ സമയമെങ്കിലും വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് വിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കിയത്.