ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്ര; പിഴയിട്ടതിന് ടിടിഇയെ മര്‍ദിച്ച ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍
ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്ര; പിഴയിട്ടതിന് ടിടിഇയെ മര്‍ദിച്ച ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍
പാറശ്ശാല: ജനറല്‍ ടിക്കറ്റില്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്യുന്നതിന് പിഴയിട്ടതിന്റെ പേരില്‍ ടിടിഇയെ മര്‍ദിച്ചതിന് ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൊല്ലങ്കോട് പാലവിള നെല്ലിമൂട് പുളിവിള വീട്ടില്‍ രതീഷ് ഫ്രാന്‍സിസ്(38) ആണ് അറസ്റ്റിലായത്. അവധിയിലുള്ള രതീഷ് കുടുംബത്തോടൊപ്പമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കന്യാകുമാരി-ബെംഗളൂരു തീവണ്ടിയുടെ സ്ലീപ്പര്‍ കോച്ചില്‍ പാറശ്ശാലയില്‍നിന്നു കയറിയത്.
ഇവരുടെ പക്കല്‍ ജനറല്‍ ടിക്കറ്റാണുണ്ടായിരുന്നതെന്നു കണ്ട ടിടിഇ ജയേഷ് പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു. തീവണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് രതീഷിനെ പിടികൂടി പാറശ്ശാല റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. പരിക്കേറ്റ ജയേഷ് പേട്ട റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്.