മാസപ്പടി കേസില്‍ വീണ വിജയനെതിരെ കുറ്റപത്രം: മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

Update: 2025-04-11 14:29 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഗെസ്റ്റ് ഹൗസിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം. പൊലീസിന്റെ അഖിലേന്ത്യാ ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ നിന്ന് പരിപാടി സ്ഥലമായ കടവന്ത്രയിലേക്ക് മുഖ്യമന്ത്രി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് പ്രതിഷേധമുണ്ടായത്. ഏറെ പണിപ്പെട്ടാണ് ഇവരെ പൊലീസ് നീക്കിയത്.

മാസപ്പടി കേസില്‍ മകള്‍ വീണ വിജയനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പുറത്തിറങ്ങാറായെന്ന് മനസിലാക്കി റോഡില്‍ നിന്ന് അപ്രതീക്ഷിതമായി പ്രതിഷേധക്കാര്‍ എറണാകുളം ഗെസ്റ്റ് ഹൗസിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്വാതിഷ് സത്യന്‍, പി.വൈ. ഷാജഹാന്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മിവ ജോളി, നിയോജകമണ്ഡലം പ്രസിഡന്റ് ജെര്‍ജസ്, ജില്ലാ ഭാരവാഹികളായ ഷിറാസ്, സനല്‍ തോമസ്, ബി. അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Similar News