കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; പിക്ക് അപ്പ് വാനില്‍ കടത്തിയ 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
പിക്ക് അപ്പ് വാനില്‍ കടത്തിയ 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്കു പിക്ക് അപ്പ് വാനില്‍ കടത്തിയ 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാസര്‍കോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസില്‍ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസില്‍ കൃതി ഗുരുകെ (32), ഫാത്തിമ മന്‍സില്‍ മുഹമ്മദ് അഷ്‌റഫ് (37), എന്നിവരെയാണ് കോഴിക്കോട് സിറ്റി നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേവായൂര്‍ പൊലീസും ചേര്‍ന്നു പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനില്‍നിന്നു വില്‍പനയ്ക്കായി കൊണ്ടു വന്ന 20 കിലോയോളം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. മലാപ്പറമ്പ് ജംക്ഷനില്‍ വച്ച് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചതോടെയാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച രീതിയില്‍ കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞ വര്‍ഷം രാമാനാട്ടുകരയില്‍ വച്ച് ഒന്‍പത് കിലോ കഞ്ചാവ് പിടികൂടിയതിന് ശ്രീജിത്തിനെതിരെ ഫറോക്ക് സ്റ്റേഷനില്‍ കേസുണ്ട്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്രീജിത്ത് വീണ്ടും ലഹരി കച്ചവടം തുടങ്ങുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാള്‍, ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവരും. തുടര്‍ന്ന് കാസര്‍കോട് ഭാഗത്ത് സ്റ്റോക്ക് ചെയ്ത ശേഷം പല സ്ഥലങ്ങളിലേക്കു വാഹനത്തില്‍ എത്തിച്ചു കൊടുക്കുന്നതാണ് രീതി. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് നഗരത്തിലേക്ക് എട്ട് ലക്ഷത്തോളം രൂപയുടെ കഞ്ചാവ് ഇവര്‍ എത്തിച്ചത്.