തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍നിന്നു ഡബിള്‍ എംഎയും ബിഎഡും; ഹയര്‍സെക്കന്‍ഡറി അധ്യാപകനായ ശേഷം എംബിഎയും സോഫ്റ്റ്വെയര്‍ ഡിപ്ലോമയും നേടി; കുട്ടിക്കാലത്ത് ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥി: എന്നിട്ടും ക്രിമിനല്‍
രാജേന്ദ്രന് ഡബിൾ എംഎയും എംബിഎയും ബിഎഡും; പക്ഷേ ക്രിമിനൽ
തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെയും തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രന്‍ (42) ഉന്നത വിദ്യാഭ്യാസധാരി. ഡബിള്‍ എംഎയും ബിഎഡും എംബിഎയും നേടിയിട്ടുണ്ടെങ്കിലും രാജേന്ദ്രന്‍ കൊടുംക്രിമിനല്‍.
കുട്ടിക്കാലത്ത് ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായാണ് രാജേന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ വലുതായപ്പോള്‍ ക്രിമിനല്‍ വാസനയും വളരുകയായിരുന്നു. ഉന്നത ബിരുദധാരിയെങ്കിലും അധ്യാപകനായും നെല്ലുണക്കുന്ന തൊഴിലാളിയായും ഹോട്ടല്‍ സപ്ലയറായും ജോലി ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിക്കുന്നതിന് പണം കണ്ടെത്തുന്നതിനായിരുന്നു കൊലപാതക പരമ്പര. ഇടത്തരം കുടുംബത്തില്‍ ജനിച്ച രാജേന്ദ്രനെ മെരിന്‍ എന്നാണ് വീട്ടുകാര്‍ വിളിച്ചിരുന്നത്.
തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍നിന്നു വിദൂര വിദ്യാഭ്യാസം വഴി ബിഎഡും ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എംഎയും നേടിയ രാജേന്ദ്രന്‍, കുറച്ചുകാലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് എംബിഎയും സോഫ്റ്റ്വെയര്‍ ഡിപ്ലോമയും നേടി. അധികമാരോടും അടുക്കുന്ന സ്വഭാവമല്ല രാജേന്ദ്രന്റേത്.