ആറുമാസം മുമ്പ് സ്‌കൂളില്‍വെച്ചുണ്ടായ തര്‍ക്കം; പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍; കല്ലുകൊണ്ട് തലയില്‍ കുത്തി; കണ്ണ് അടിച്ചുപൊളിച്ചെന്ന് ശബ്ദസന്ദേശം

പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍

Update: 2025-04-25 08:45 GMT

മലപ്പുറം: അരീക്കോട്ട് സ്‌കൂളില്‍വച്ചുണ്ടായ തര്‍ക്കത്തിന് ആറ് മാസത്തിന് ശേഷം പ്രതികാരം. പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠിയും മറ്റുവിദ്യാര്‍ഥികളും ക്രൂരമായി മര്‍ദിച്ചു. മൂര്‍ക്കനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുബീനെയാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് ആക്രമിച്ചത്. പരിക്കേറ്റ മുബീന്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്പോര്‍ട്സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയെന്നും തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ കുത്തിയെന്നും മര്‍ദിച്ചെന്നുമാണ് പരാതി.

ആറുമാസം മുമ്പ് സ്‌കൂളില്‍വെച്ച് മുബീനും സഹപാഠികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അധ്യാപകര്‍ ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചിരുന്നതായുമാണ് മുബീന്റെ ബന്ധുക്കള്‍ പറയുന്നത്. അന്ന് പകരംചോദിക്കുമെന്ന് സഹപാഠി വെല്ലുവിളിച്ചിരുന്നതായും ഇയാളും മറ്റ് ആറുവിദ്യാര്‍ഥികളും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നും മുബീന്റെ ബന്ധുക്കള്‍ ആരോപിച്ചു.

അതിനിടെ, സംഭവത്തിന് ശേഷം മര്‍ദിച്ചവരിലൊരാള്‍ മുബീന്റെ കണ്ണ് അടിച്ചുപൊളിച്ചതായി സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുബീന്റെ ബന്ധുക്കള്‍ അരീക്കോട് പോലീസില്‍ പരാതിനല്‍കി.

Tags:    

Similar News