മുൻപിൽ ആനക്കൂട്ടം, രക്ഷപ്പെടാൻ പുഴയിലേക്ക് എടുത്തുചാടി; അവിടെ കാത്തിരുന്നത് കൂറ്റൻ ചീങ്കണ്ണി; മീൻപിടുത്തക്കാരനെ ചീങ്കണ്ണി കടിച്ചുകീറി; വടികൊണ്ട് അടിച്ച് കരകയറിയിട്ടും രക്ഷിക്കാനായില്ല; സാംബിയയിലെ നടുക്കുന്ന ആ വാർത്ത ഇങ്ങനെ
സാംബിയ: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ ചാടിയ മീൻപിടുത്തക്കാരൻ ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ സാംബിയയിലാണ് 52 വയസ്സുകാരനായ ഡീൻ നയിരേന്ദ എന്ന വ്യക്തി ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച സുഹൃത്തുക്കളോടൊപ്പം മീൻപിടിച്ച് മടങ്ങുന്നതിനിടെയാണ് ഇവർ അപ്രതീക്ഷിതമായി ആനക്കൂട്ടത്തിന്റെ മുൻപിൽപ്പെട്ടത്.
ജീവൻ രക്ഷിക്കാനായി മൂവരും ചിതറിയോടി. ഇതിനിടെ ലുവാങ്‌വ നദിക്ക് സമീപമുള്ള ഒരു തോട് നീന്തിക്കടക്കാൻ ശ്രമിച്ച നയിരേന്ദയെ വെള്ളത്തിൽ വെച്ച് ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ചീങ്കണ്ണി നയിരേന്ദയുടെ വലതു തുടയിൽ ആഴത്തിൽ കടിച്ചു. എന്നാൽ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ചീങ്കണ്ണിയെ അടിച്ചും പ്രതിരോധിച്ചും അദ്ദേഹം എങ്ങനെയോ കരയിലേക്ക് ഇഴഞ്ഞുകയറി. ദൂരെ മാറിനിന്ന് ഇത് കണ്ടുനിന്ന സുഹൃത്തുക്കൾ ഓടിയെത്തി അദ്ദേഹത്തെ കരയിലേക്ക് മാറ്റി.
അമിതമായി രക്തം വാർന്നൊഴുകിയ നയിരേന്ദയെ രക്ഷിക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക പോലീസ് മേധാവി റോബർട്ട്സൺ എംവീംബ അറിയിച്ചു. വന്യജീവി സങ്കേതങ്ങൾ ധാരാളമുള്ള സാംബിയയിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പതിവാണ്. ലുവാങ്‌വ നദിയിൽ ആഫ്രിക്കയിലെ തന്നെ ഏറ്റവും കൂടുതൽ നൈൽ ചീങ്കണ്ണികൾ അധിവസിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
കണക്കുകൾ പ്രകാരം, 2023-ൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ 26 മരണങ്ങളിൽ 15 എണ്ണവും ചീങ്കണ്ണികളുടെ ആക്രമണം മൂലമാണ് ഉണ്ടായത്; ഇവയിൽ ഭൂരിഭാഗവും ലുവാങ്‌വ നദിക്ക് തീരത്തായിരുന്നു. വന്യജീവി സങ്കേതങ്ങളിലൂടെയോ അവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലൂടെയോ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സാംബിയൻ അധികൃതർ നാട്ടുകാരോടും വിനോദസഞ്ചാരികളോടും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനായി സുരക്ഷാ വേലികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപമുള്ള സാംബെസി നദിയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് ആസ്വദിക്കുകയായിരുന്നു 18 വയസ്സുകാരിയായ അമേലി ഓസ്ബോൺ-സ്മിത്ത്. നദിയിൽ നീന്തുന്നത് സുരക്ഷിതമാണെന്ന് ഗൈഡുകൾ ഉറപ്പുനൽകിയിരുന്നെങ്കിലും ആ പടുകൂറ്റൻ ചീങ്കണ്ണി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
ചീങ്കണ്ണി വെള്ളത്തിനടിയിലേക്ക് വട്ടംകറക്കി വലിച്ചിഴച്ച ആ ഭീകരമായ സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകളും ദുസ്വപ്നങ്ങളും ഇന്നും അവളെ വേട്ടയാടുന്നുണ്ട്. അമേലി ബോട്ടിന്റെ വശത്ത് കാൽ വെച്ച് വിശ്രമിക്കുമ്പോഴാണ് ചീങ്കണ്ണി അവളുടെ കാൽമുട്ടിന് താഴെ കടന്നുപിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോയതെന്ന് പിതാവും മുൻ ആർമി മേജറുമായ ബ്രന്റ് ഓസ്ബോൺ-സ്മിത്ത് നേരത്തെ പറഞ്ഞിരുന്നു. സാംബിയയിലെ മെഡ്‌ലാൻഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുമ്പോൾ മനസ്സ് അതിവേഗത്തിൽ പ്രവർത്തിച്ചുവെന്നും ആത്മരക്ഷാർത്ഥമുള്ള സഹജവാസനയാണ് തന്നെ രക്ഷിച്ചതെന്നും അമേലി വെളിപ്പെടുത്തി.
