കാനറ ബാങ്കില്‍ നിന്ന് 8.13 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ സംഭവം; ക്ലാര്‍ക്കിന്റെയും ഭാര്യയുടെയും 1.11 കോടി രൂപ മൂല്യമുള്ള വസ്തുവകകള്‍ കണ്ടുകെട്ടി
ക്ലർക്കിന്റെയും ഭാര്യയുടെയും 1.11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍നിന്ന് 8.13 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ ക്ലര്‍ക്കിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്കിലെ ക്ലാര്‍ക്കായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്, ഭാര്യ സൂര്യതാര ജോര്‍ജ് എന്നിവരുടെ 1.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ബാങ്ക് കണ്ടുകെട്ടിയത്. ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം വസ്തുവകകളില്‍ ചെലവഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കണ്ടുകെട്ടല്‍.
പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായിരുന്ന വിജീഷ് വര്‍ഗീസ് 2019 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. 191 ഇടപാടുകളിലൂടെയാണ് ഇയാള്‍ ബാങ്കില്‍ വെട്ടിപ്പ് നടത്തിയത്. ബാങ്ക് ശാഖയിലെ വിവിധ ഇടപാടുകാരുടെ അക്കൗണ്ടിലുള്ള പണം അസിസ്റ്റന്റ് മാനേജരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് വിജീഷ് സ്വന്തം പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലുള്ള അക്കൗണ്ടുകളിലേക്കും മാറ്റുകയായിരുന്നു.
ദീര്‍ഘകാല സ്ഥിരനിക്ഷേപങ്ങളില്‍നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നുമാണ് പണം തട്ടിയെടുത്തിരുന്നത്. വായ്പകളുടെ തിരിച്ചടവിനും ഓഹരിവിപണിയില്‍ നിക്ഷേപിക്കാനുമാണ് ഈ പണം ഉപയോഗിച്ചത്. 2021 ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് സൂചന ലഭിച്ചത്. ദീര്‍ഘകാലമായി ബാങ്കില്‍ കിടന്ന പണം പിന്‍വലിച്ചതിനാല്‍ ആരും അറിഞ്ഞതുമില്ല.
പത്ത് ലക്ഷം രൂപ നിക്ഷേപിച്ച ഉടമ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തതായി പരാതി ലഭിച്ചു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജരെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍ നിന്നുള്ള പണം നല്‍കി പരാതി പരിഹരിച്ചു. തുടര്‍ന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.