വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവം; അതിഥി തൊഴിലാളി അറസ്റ്റില്‍
ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച; അതിഥി തൊഴിലാളി അറസ്റ്റില്‍
സേലം: തമിഴ്‌നാട്ടിലെ ജഗീരമ്മ പാളയത്തു വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അതിഥിത്തൊഴിലാളിയായ ബിഹാര്‍ സ്വദേശി സുനില്‍ കുമാറിനെ (36)യാണ് ശൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സുനില്‍കുമാര്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുക ആയിരുന്നു.
ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍ (70), ഭാര്യ ദിവ്യ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനില്‍കുമാര്‍ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ചു. ദിവ്യയുടെ നിലവിളികേട്ട് ഒടിയെത്തിയ ഭാസ്‌കരനെയും തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരും മരിക്കുന്നതു വരെ സുനില്‍കുമാര്‍ ഇവരുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു.
രണ്ടു പേരുടെയും മരണം ഉറപ്പാക്കിയ ശേഷം ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാല, വള, കമ്മല്‍ എന്നിവ കവര്‍ന്നു. കടയോടു ചേര്‍ന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും കവര്‍ന്ന പ്രതി സഥലം വിട്ടു.
കടയില്‍ സാധനം വാങ്ങാനെത്തിയവരാണു ഭാസ്‌കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. ശൂരമംഗലം പൊലീസ് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലെത്തി ചോദ്യംചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അതിഥിത്തൊഴിലാളികളുടെ മറ്റൊരു ക്യാംപില്‍ നിന്നാണു സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.